Total Pageviews

Saturday, May 25, 2013

നിതാഖാത്ത്

ഇനി മടങ്ങാമിവിടെത്തീരുന്നു പ്രവാസം
പൊതിഞ്ഞു കെട്ടാമിനി കിനാക്കൾ,
പാതി മുറിഞ്ഞുപോയ മോഹങ്ങൾ
വായിച്ചു തീരാത്ത കത്തുകൾ
ഇനിയും കേട്ടു മടുക്കാത്ത കത്തുപാട്ടുകൾ
ചില്ലിട്ടു വച്ച ചിത്രങ്ങൾ നാളുകൾ-
വെട്ടിത്തീർത്ത കലണ്ടറിൻ താളുകൾ
ഓർമയ്ക്കു മേൽ വലിച്ചിട്ട പുതപ്പുകള്‍
മലയാളത്തിന്‍ മണമുള്ള കടലാസുതുണ്ടുകള്‍
പകലു കരിഞ്ഞും പകുതിയുറങ്ങിയും
യൌവനത്തിനുമേല്‍ നരവീണ പാടുകള്‍
പകുതി പണിഞ്ഞും പകുതി തകര്‍ന്നും
ജീവിതത്തിനു മേല്‍ പരന്ന നിഴലുകള്‍
പാതിയുണ്ടും വിശന്നും പകര്‍ന്ന രോഗങ്ങള്‍....

കരളു പറിച്ചു പോന്നതാണു പണ്ടി,പ്പോള്‍
കരളു പിടഞ്ഞു പോകുന്നു യാത്രയോതുമ്പോള്‍,
കനലു തിന്നുകൊണ്ടായിരുന്നെങ്കിലും നാട്ടിലെ-
കനവുകള്‍ക്ക് ചിറകു തന്നോരീ നാടിനോടും,
സങ്കടക്കടലുനീളെ കൂടെത്തുഴഞ്ഞ കൂട്ടുകാരോടും.
ഇനിയിരുളുമാത്രമാണ് മുന്നില്‍
പോകുവാനുണ്ടേറെ ദൂരമിനിയും
തളര്ന്നയുടലും തകര്‍ന്ന മനസ്സുമായ്.
നന്ദിയോതുന്നു ഞാനെ, ണ്ണ വറ്റാത്തയീ മണ്ണിനോടും
കരുണയും കനിവും വറ്റാത്ത ഹൃദയങ്ങളോടും

No comments:

Post a Comment