Total Pageviews

Sunday, March 11, 2012

വീടുവിട്ടു പോയവര്‍

ഒരു മഴക്കാലത്ത്
അമ്മയോടൊപ്പം കുളിക്കാനിറങ്ങിയതാണ്
കറപിടിച്ച ഓട്ടുകിണ്ടി ,
പിന്നീടൊരിക്കലും തിരിച്ചു വന്നില്ല 


അലക്കുയന്ത്രത്തിന്റെ അലര്‍ച്ച 
സഹിക്കതയപ്പോഴാണ്
അലക്ക് കല്ല്‌
ഇടവഴിയിലൂടെ ഉരുണ്ടു പോയത്

കുതിര ശക്തിയുമായി വന്ന പംബുസെറ്റ്
വെള്ളം കുടിച്ചു വറ്റിച്ചപ്പോഴാണ്
കപ്പിയും കയറും
കിണറ്റിലേക്ക് ചാടിയത്


ചുമരിന്റെ മൂലയിലെല്ലാം 
ടാപ്പുവന്നതില്‍പ്പിന്നെയാണ്‌
ഇറയത്തുനിന്ന വിടാവ്
ദാഹിച്ചു മരിച്ചത്

ചുമരിലെ വൈദ്യുത വിളക്കിന്റെ
അഹങ്കാരം സഹിക്കാഞ്ഞാണ്
കരിപിടിച്ച ചില്ലുവിളക്ക്
സ്വയം വീണുടഞ്ഞത്


തൂക്കിലെ തൈര്
പയ്ക്കറ്റില്‍ ക്കയറി
ഫ്രിഡ്ജിലൊളിച്ചതിന്റെ ചൊടിയിലാണ്
ഉറി, നിന്ന നില്പില്‍ കെട്ടിതൂങ്ങിയത്

നിറപ്പകിട്ടുള്ലോരു സ്റ്റാന്റ്
അടുക്കളയില്‍ പാര്‍പ്പായതില്പ്പിന്നെയാണ്
കയിലാറ്റ, കെട്ടഴിഞ്ഞു വീണ്
അടുപ്പില്‍ ചാരമായത്

നടുവിലകത്തെ ഇരുട്ടില്‍
പുരനിറഞ്ഞു നിന്നപ്പോഴാണ്
പറയും ഇടങ്ങഴിയും
ആക്രിക്കാരന്റെ കൂടെ ഇറങ്ങിപ്പോയത്

തട്ടിയും മുട്ടിയും കഴിഞ്ഞതാണ്
ചട്ടിയും കലവും
സ്റ്റീല്‍ പാത്രങ്ങളുടെ തിളക്കം കണ്ടാണ്‌
അവര്‍ മണ്ണിലേക്ക് തന്നെ മടങ്ങിയത്

അമ്മിയുമുരലും മാത്രം
പരാതിയൊന്നും പറയാതെ
വേദനകള ഴവിറക്കിക്കഴിയുന്നുണ്ട്
വിറകുപുരയുടെ മൂലയിലിപ്പോഴും....     

10 comments:

  1. സത്യം റഹീംക്ക. ഓരോന്നും പടിയിറങ്ങുമ്പോഴും അതെല്ലാം നോവിക്കുന്നൊരു ഓർമ്മയായി മനസ്സിൽ ബാക്കി നിൽക്കുന്നു.

    കവിത വളരെ വളരെ നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
  2. നന്നായിരിക്കുന്നു..
    ഒന്നു കൂടിയാവാം..
    കീ ബോർഡിന്റെ ശബ്ദം കേട്ട്‌ കേട്ട്‌..
    ദാഹിച്ച്‌ പേന, മഷികിട്ടാതെ മരിച്ചു..

    ReplyDelete
  3. ഗൃഹാതുരം എന്‍ ബാല്യം .... ഈ കവിത വായിച്ചപ്പോഴാണ് അത് ഉണര്‍ന്നത് .....

    ReplyDelete
  4. പിന്നല്ലാതെ. സാബു പറഞ്ഞത് ശരി. ഇമെയില്‍ വരുന്ന വേഗം കണ്ടു പേടിച്ചു ഇന്‍ലന്‍ഡും കവറും നാടുവിട്ടു. അങ്ങനെ എത്ര എത്ര.

    ReplyDelete
  5. നല്ല വരികള്‍
    ചുറ്റുപാടുകളില്‍ ഒരു കവിത ജെനിച്ചപ്പോള്‍

    ReplyDelete
  6. ഓര്‍മകളില്‍ നിന്നും മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന യാതാര്‍ത്ത്യങ്ങളെ മനോഹരമായി വരച്ചു കാട്ടിയിട്ടുണ്ട് .....ആശംസകള്‍ ..

    ReplyDelete
  7. ഒരു മഴക്കാലത്ത്
    അമ്മയോടൊപ്പം കുളിക്കാനിറങ്ങിയതാണ്
    കറപിടിച്ച ഓട്ടുകിണ്ടി ,
    പിന്നീടൊരിക്കലും തിരിച്ചു വന്നില്ല ഈ കവിതയിൽ ഇക്കാണുന്ന വരികൾ ഒഴിവാക്കിയാൽ ഈ കവിത പൂർണമാകും ,ഇത് പാവപ്പെട്ടവന്റെ മാത്രം നിലപാടാണു. മാഷേ ഒരു കമാന്റിടാൻ അക്ഷരങ്ങൾ തിട്ടപെടുത്തണം എന്നു പറയുന്നത് നിങ്ങളുടെ വളർച്ചയില്ലായികയാണ് പറയുന്നത്..സത്യമാണോ..?

    ReplyDelete
  8. നല്ല എഴുത്തുകൾ കാണാതായി മടുത്തപ്പോഴാണ്
    ബ്ലോഗ്ഗ് പോസ്റ്റുകൾക്ക് കമന്റേർപ്പെടുത്തിയത്. നന്നായിരിക്കുന്നു. നല്ല രസകരവും. ആശംസകൾ. സാബുവേട്ടനു നന്ദി.

    ReplyDelete
  9. സാബു വഴി ഇവിടെ എത്തി..പ്രീയ സഹോദരാ..ഈ കവിതക്കെന്റെ ഭാവുകങ്ങൾ... എഴുത്തുകാർ ചുറ്റുപാടും നോക്കുമ്പോഴാണു വിഷയങ്ങൾ കിട്ടുന്നത്..അല്ലാതൊശയങ്ങൾ നമ്മെത്തേടി വരാറില്ലാ....ഈ കവിക്ക് എല്ല നന്മകളും നേരുന്നൂ...വേഡ് വെരിഫി ക്കെഷൻ എടുത്ത് കളയുക....

    ReplyDelete