Total Pageviews

Sunday, September 30, 2012

മഴയും പുഴയും

പുഴ ഒരു ഓര്‍മ്മയാണ്
മറവിയുടെ മുളങ്കാടുകളില്‍ നിന്ന് 
കാലത്തിന്റെ 
ഉരുളന്‍ കല്ലുകളില്‍ത്തട്ടിയും 
വേര്‍പാടിന്റെ 
കയങ്ങളില്‍ വീണും
വേദനയുടെ കടവുകളില്‍ 
പിന്നെയും കണ്ടുമുട്ടിയും 
മുകളിലേക്കൊഴുകുന്ന 
കണ്ണീരോര്‍മ കള്‍..!..... 


മഴ ഒരോര്‍മപ്പെടുത്തലാണ്  
കുട്ടിക്കാലത്തിന്റെ ഇല്ലായ്മകളില്‍ നിന്ന് 
വിശപ്പിന്റെ 
കനലടുപ്പുകളില്‍ വീണും 
മോഹങ്ങളുടെ 
ചിറകുകള്‍ നനച്ചും 
പ്രതീക്ഷയുടെ 
വിളക്കുകള്‍ കെടുത്തിയും 
മരിച്ചു പോയ കാലത്തിന്റെ 
ഓര്‍മപ്പെടുത്തലുകള്‍ ...!

മഴയില്‍ നിന്ന് പുഴ പിറക്കുന്നു,
പുഴയില്‍ നിന്ന് മഴ പിറക്കുന്നു,
മഴയും പുഴയും ചേര്‍ന്ന് ഓര്‍മകളും..!

Sunday, September 23, 2012

പുതിയ താമസക്കാര്‍

കോലായിലെ ചാരുകസേരയില്‍
ചുമച്ചു തുപ്പിയിരിപ്പുണ്ട്
പ്രഷറും പ്രമേഹവും
നടുവിലകത്തെ വാട്ടര്‍ ബെഡില്‍
ചുരുണ്ടു മടങ്ങിക്കിടപ്പുണ്ട്
കാലൊടിഞ്ഞ തളര്‍വാതം
എഴുത്തു മുറിയിലെ പടാപ്പുറത്ത്
മേലനങ്ങാതെ വച്ചിട്ടുണ്ട്
അറ്റാക്ക് വന്നൊരു ഹൃദയം
തെക്കേ മുറിയില്‍
ആരെയുമടുപ്പിക്കാതെ പൂട്ടിവച്ചിട്ടുണ്ട്
മാറ്റിവച്ച കിഡ്നി
അടുക്കളയിലെ ചുമരില്‍
ചാരി നിന്ന്‍ കിതയ്ക്കുന്നുണ്ട്
നൂറു കിലോ കൊളസ്ട്രോള്‍
ഇടനാഴിയിലെ ടിവിക്കു മുന്നില്‍
 കാലുനീട്ടിയിരിപ്പുണ്ട്
പൊണ്ണത്തടിയും  പിള്ളവാതവും...

ഗള്‍ഫുകാരന്‍ വന്നതറിഞ്ഞ്
എത്തിനോക്കിയിട്ട്‌ പോയി
വടക്കെയിലെ ബ്രെയിന്‍ ട്യൂമര്‍.
മതിലിനു മുകളിലൂടെ
കുശലം ചോദിച്ചു,
മേലെ വീട്ടിലെ കാന്‍സര്‍..........

(published in risala weekly-september 21, 2012)

Monday, September 17, 2012

നമുക്കിടയില്‍...

പിണങ്ങിയിരിക്കുമ്പോഴും
ഉള്ളില്‍ പിണഞ്ഞു നില്‍പ്പുണ്ട്
നമ്മുടെ പ്രണയത്തിന്റെ വേരുകള്‍

പിരിഞ്ഞിരിക്കുമ്പോഴും
കണ്ണില്‍ നിറഞ്ഞു നില്‍പ്പുണ്ട്
നമ്മുടെ പ്രണയത്തിന്റെ നേരുകള്‍

എന്നിട്ടും പ്രിയപ്പെട്ടവളേ,
പിണഞ്ഞും നിറഞ്ഞുമൊഴുകിയിരുന്ന
നമുക്കിടയില്‍
ആരാണ് മതിലുകള്‍ തീര്‍ത്തത് ?!

Thursday, September 6, 2012

നീ


വെളുത്ത പ്രതീക്ഷകളുമായി
കിനാവുകളിലേക്ക് നീ വരാറുണ്ട്
കറുത്ത ഓര്‍മകളില്‍ നിന്ന്
വിളിച്ചുണര്‍ത്തി വെളിച്ചം തരാറുണ്ട്
മൗന നൊമ്പരങ്ങളുടെ കൂട്ടിലേക്ക്
നിലാവായി നീ പെയ്തിറ ങ്ങാറുണ്ട്
തണുത്ത രാത്രിയുടെ വിരസതയിലേക്ക്‌
മഴഗീതം പൊഴിക്കാറുണ്ട്
ഉച്ച ച്ചൂടിന്റെ മയക്കത്തിലേക്ക്
നീ കുളിര്‍തെന്നലായി വീശാറുണ്ട്
മഞ്ഞുമൂടിയ പുലരിയിലേക്ക്
റോസാപ്പൂവായി വിടരാറുണ്ട്
സാന്ധ്യ സൂര്യന്റെ അരുണിമയില്‍
പൂര്‍ണ ചന്ദ്രനായി നീയുദിക്കാറുണ്ട്
നിലാവുപോലെ ഒരു നിഴലായ്
നീയെനിക്ക് കൂട്ടുപോരാറുണ്ട്..
കളിച്ചും ചിരിച്ചും, പ്രിയപ്പെട്ടവളെ,
ഒരു വളകിലുക്കമായ് നീയെന്റെ കൂടെയുണ്ട്...

Wednesday, September 5, 2012

വേനല്‍ മഴയോട്



വിളക്കുകെടുത്തി
ജാലകപ്പുറത്തോളം വന്ന്‍
കൊതിപ്പിച്ചിട്ട്‌
നീ പോയ്ക്കളയും
നിനക്കറിയില്ലല്ലോ,
നിന്റെ പ്രണയത്തിന്റെ
ഊഷരതയും കാത്ത്
ഉള്ളിലൊരാള്‍
വേനല്‍ക്കനലില്‍
ഉരുകിത്തീരുന്നുണ്ടെന്ന്..! 

മരുഭൂമി

മരുഭൂമി
അമ്മയെപ്പോലെയാണ്,
ദാഹിച്ചു മരിക്കാറായാലും
കിട്ടുന്ന വെള്ളം
മരുപ്പച്ചകളില്‍ കാത്തുവെക്കും
മക്കള്‍ക്കായി.

മരുഭൂമി 
ഭാര്യയെപ്പോലെയാണ്,
ശാന്തമായുറ ങ്ങുന്നതിനിടക്ക്
മുന്നറി യിപ്പൊ ന്നുമില്ലാതെയാണ്
തീക്കാറ്റായി മാറുക.

മരുഭൂമി 
സുഹൃത്തി നെപ്പോലെയാണ്,
വീണുപോകുമെന്നാവുംബോഴെക്ക്
തണലൊരുക്കി കാത്തിരിപ്പുണ്ടാവും
താങ്ങി നിര്‍ത്താന്‍.

മരുഭൂമി
 പ്രണ യിനിയെപ്പോലെയാണ്,
പിരിയണ മെന്നാശി ക്കുംബോഴൊ ക്കെയും
കൂടുതല്‍ ശക്തിയോടെ
വലിച്ചടുപ്പിക്കും .

ഏകാന്തതയില്‍
ചിലപ്പോഴൊക്കെ
മരുഭൂമി
എന്നെപ്പോലെയുമാകാറുണ്ട്,
പ്രതീക്ഷയുടെ ഒരു തളിരുപോലുമില്ലാതെ
വരണ്ടുണങ്ങി, അറ്റമില്ലാതെ...