Total Pageviews

Tuesday, June 21, 2011

നീയെന്ന മോഹം

ഒരു നേര്‍ത്ത മഴയുടെ കുളിരിനോടൊപ്പം നീ
കനവിലേക്കിന്നലെ വന്നിരുന്നു 
ഒരു മഞ്ഞു പുഷ്പം പോല്‍ തരളിതയായെന്റെ
കരളില്‍ക്കവിതയായ് വിരിഞ്ഞിരുന്നു  
ഒരു നിലാപ്പക്ഷി പോല്‍ ചിറകു വിടര്‍ത്തി നീ 
ജാലക വാതില്‍ക്കല്‍ പറന്നിരുന്നു
ഒരു പൂവിതളുപോല്‍ സൗരഭ്യം തൂകി നീ 
ഇരുളിലെപ്പോഴും ജ്വലിച്ചിരുന്നു
ഒരു പാട്ടിന്നീണമായ് മൌനത്തിന്‍ വഴിയില്‍ 
പുലരുവോളം നീ കൂട്ടിരുന്നു 

കത്തുന്ന മോഹത്താല്‍ കണ്ണുതുറന്നപ്പോ-
ളൊരു വാക്കുപറയാതെ നീ പോയതെങ്ങോ....

Wednesday, June 15, 2011

പുളിയച്ചാര്‍

കരി പിടിച്ച 
ഓര്‍മകള്‍
കണ്ണീരിന്റെ മധുരവും
വിയര്‍പ്പിന്റെ പുളിയും 
ചേര്‍ത്ത്
മഴ നനഞ്ഞ 
സ്ലേറ്റില്‍,
ചൊറി പിടിച്ച 
കൈകള്‍ കൊണ്ട് 
കുഴച്ചെടുത്ത്
പയ്കറ്റിലാക്കി
തൂക്കിയിട്ടിരിക്കുന്നു, 
കേശവേട്ടന്റെ 
പീടികയില്‍. 

അഞ്ചു പൈസക്കായി 
കോന്തലയിലേക്ക്  നീണ്ട 
വലതു കൈ 
ബെല്‍റ്റിനു പുറത്തെ 
മൊബൈല്‍ ഫോണില്‍ത്തട്ടി 
ഇരുപതൊന്നാം നൂറ്റാണ്ടിലേക്ക് 
തെറിച്ചു വീണു. 

Wednesday, June 8, 2011

പ്രതീക്ഷ

പ്രിയേ , 
മൌനത്തിന്റെ 
മുറിവുകളൊക്കെയും 
മിഴിനീരു കൊണ്ട് 
കഴുകിക്കളയാമെന്നായിരുന്നു
എന്റെ പ്രതീക്ഷ

വിരഹത്തിന്റെ 
വേദനകളൊക്കെയും 
കാലം കൊണ്ട് 
മായ്ച്ചു കളയാമെന്നായിരുന്നു 
എന്റെ പ്രതീക്ഷ

ഓര്‍മയുടെ 
കനലുകളൊക്കെയും
മറവി കൊണ്ട് 
കെടുത്തിക്കളയാമെന്നായിരുന്നു
എന്റെ പ്രതീക്ഷ   

Wednesday, June 1, 2011

നീയും നിലാവും

പ്രിയപ്പെട്ടവളേ
നീയും നിലാവും
ഒരമ്മയ്ക്ക് പിറന്നതായിരിക്കണം
അല്ലെങ്കില്‍ 
ഇത്രയേറെ വെളിച്ചം പരത്താന്‍ 
നിനക്കാവുമായിരുന്നില്ലല്ലോ 

നീയും നിലാവും 
ഒരേ വള്ളിയിലെ പൂക്കളായിരുന്നിരിക്കണം
അല്ലെങ്കില്‍ 
നീ വിടരുമ്പോള്‍ 
മുല്ലപ്പൂവിന്റെ 
സൌരഭം നിറയുമായിരുന്നില്ലല്ലോ

നീയും നിലാവും 
ഒരേ പാട്ടിന്റെ വരികളായിരിക്കണം
അല്ലെങ്കില്‍ 
നീ പിരിയുമ്പോള്‍ 
ഒരേയീണം
മൂളു മായിരുന്നില്ലല്ലോ 

നീയും നിലാവും 
ഒരേ പൂവിന്റെ 
ഇതളുകളായിരുന്നിരിക്കണം  
അല്ലെങ്കില്‍
ഇത്ര വേഗത്തില്‍
വാടിവീഴുമായിരുന്നില്ലല്ലോ

നീയും നിലാവും
ഒരേ വഴിക്കായിരിക്കണം
പോയി മറഞ്ഞത്
അല്ലെങ്കില്‍
പൌര്‍ണമി രാവിലും
എന്റെയുള്ളില്‍
ഇരുട്ട് പരക്കുമായിരുന്നില്ലല്ലോ

പ്രിയപ്പെട്ടവളേ
നീയും നിലാവും
ഒന്നു തന്നെയായിരിക്കണം
അല്ലെങ്കിലിത്രമാത്രം
ഞാന്‍
പ്രണയിക്കുമായിരുന്നില്ലല്ലോ