Total Pageviews

Friday, October 28, 2011

നീയെന്ന കനല്‍

നീയൊരു നിലാവായപ്പോഴാണ് 
ഞാനൊരു നിഴലായ് 
പിന്തുടര്‍ന്നത് 

നീയൊരു മഴയായപ്പോഴാണ്
ഞാനൊരു തുള്ളിയായി 
പെയ്തിറങ്ങിയത്

നീയൊരു കാറ്റായപ്പോഴാണ്
ഞാനൊരു ചെടിയായി 
പുണര്‍ന്നു നിന്നത് 

നീയൊരു പുഴയായപ്പോഴാണ്
ഞാനൊരു കണമായി
അലിഞ്ഞു ചേര്‍ന്നത് 

നീയൊരു കടലായപ്പോഴാണ്
ഞാനൊരു തിരയായി 
നിന്നെയറിഞ്ഞത്ത് 

പ്രിയേ, നീയൊരു 
പ്രതീക്ഷ മാത്രമായപ്പോഴാണ്
ഞാനൊരു കനലായ് 
എറിഞ്ഞു തീര്‍ന്നത് 


Monday, October 10, 2011

തെരുവുസര്‍ക്കസ്

വിശപ്പിനെ പറ്റിക്കാന്‍ 
ഒഴിഞ്ഞ കലത്തില്‍
അമ്മ കയിലിട്ടിളക്കുന്നത് കണ്ടാണ്‌ 
ചെണ്ട കൊട്ട് പഠിച്ചത് 

ഒക്കത്തും തോളിലും 
തൊട്ടിലിലുമായി
നാലെണ്ണത്തെയേല്‍പ്പിച്ചാണ്
അമ്മ പോയത് 

കുടിച്ചു വരുന്ന അച്ഛനില്‍ നിന്നാണ് 
ബാലന്‍സ് ചെയ്യാന്‍ പഠിച്ചത് 
തലയിലൊരു കുടവുമായി 
മുളംബാലം എത്ര കടന്നതാണ് 

ഒട്ടിയ വയറുമായി 
വളയം ചാടാനെളുപ്പമാണ്
ജീവിതം തന്നെ 
ഒരു ഞാണിന്മേല്‍ക്കളിയായിരുന്നല്ലോ 

ചിലതൊക്കെ കാണുമ്പോള്‍ 
തലകുത്തി മറിയാന്‍ തോന്നും
തല തിരിഞ്ഞ ലോകത്ത് 
തല കീഴായി നടക്കാനും 

കുടിലിലെ പട്ടിണിയും പരിവട്ടവും 
ആരോ ജപ്തി ചെയ്തപ്പോള്‍ 
തെരുവിലെക്കിറങ്ങിയതാണ് 
നിങ്ങളതിന് സര്‍ക്കസെന്നു പേരിട്ടു 
ഞാന്‍ ജീവിതമെന്നും..! 

Monday, October 3, 2011

ഗാന്ധി


ഉപ്പ് കുറുക്കിയും 
ഉപവാസം കിടന്നും 
വെള്ളക്കാരെ തുരത്തിയും
തീര്‍ന്നു പോയി 
പാവം ഗാന്ധി 

കള്ളു കുടിച്ചും 
കൈക്കൂലി വാങ്ങിയും 
വെള്ളക്കാരികളെ തിരഞ്ഞും 
തീര്‍ന്നു പോയി 
കീശയിലെ ഗാന്ധി 

Saturday, September 24, 2011

പ്രവാസം


ഡ്യൂട്ടിക്കും ഓവര്‍ടൈമിനുമിടയിലെ 
അരമണിക്കൂറില്‍ 
കടല് കടന്നെത്താറുണ്ട്
ഓര്‍മ്മകള്‍ പലവിധം 
തേങ്ങാചമ്മന്തിയുടെ സ്വാദിനൊപ്പം
ഭാര്യയുടെ കണ്ണീരുണ്ടാവും
പഞ്ചാര  മിഠായിയുടെ മധുരത്തിനൊപ്പം
കുഞ്ഞു മോന്റെ കരച്ചില്‍ 
മുളകിട്ട മീന്‍ കറിക്കൊപ്പം 
പുതുമഴയുടെ കുളിര് 
കുയില്‍ പാട്ടിനൊപ്പം 
മീന്‍കാരന്റെ കൂവല്‍
തോണിയുടെ താളത്തിനൊപ്പം 
തീവണ്ടിയുടെ ആരവം 


മണല്‍ക്കാട് മുഴുവന്‍ തിരഞ്ഞിട്ടും
പ്രവാസത്തിന്റെ തേങ്ങലുകളല്ലാതെ 
ഉമ്മൂമ്മയുടെ അറബിക്കഥയിലെ 
രാജകുമാരന്റെ കുതിരക്കുളംബടി കേട്ടില്ല. 



Wednesday, July 27, 2011

നീ

നീ

വിരഹത്തെക്കുറിച്ച്
പറഞ്ഞപ്പോഴോക്കെയും 
പ്രണയം കൊണ്ട് 
നീയത് തണുപ്പിച്ചു 

പ്രണയത്തെ ക്കുറിച്ച് 
പറഞ്ഞപ്പോഴോക്കെയും 
വിരഹം കൊണ്ട് 
നീയത് തിളപ്പിച്ചു 

Tuesday, June 21, 2011

നീയെന്ന മോഹം

ഒരു നേര്‍ത്ത മഴയുടെ കുളിരിനോടൊപ്പം നീ
കനവിലേക്കിന്നലെ വന്നിരുന്നു 
ഒരു മഞ്ഞു പുഷ്പം പോല്‍ തരളിതയായെന്റെ
കരളില്‍ക്കവിതയായ് വിരിഞ്ഞിരുന്നു  
ഒരു നിലാപ്പക്ഷി പോല്‍ ചിറകു വിടര്‍ത്തി നീ 
ജാലക വാതില്‍ക്കല്‍ പറന്നിരുന്നു
ഒരു പൂവിതളുപോല്‍ സൗരഭ്യം തൂകി നീ 
ഇരുളിലെപ്പോഴും ജ്വലിച്ചിരുന്നു
ഒരു പാട്ടിന്നീണമായ് മൌനത്തിന്‍ വഴിയില്‍ 
പുലരുവോളം നീ കൂട്ടിരുന്നു 

കത്തുന്ന മോഹത്താല്‍ കണ്ണുതുറന്നപ്പോ-
ളൊരു വാക്കുപറയാതെ നീ പോയതെങ്ങോ....

Wednesday, June 15, 2011

പുളിയച്ചാര്‍

കരി പിടിച്ച 
ഓര്‍മകള്‍
കണ്ണീരിന്റെ മധുരവും
വിയര്‍പ്പിന്റെ പുളിയും 
ചേര്‍ത്ത്
മഴ നനഞ്ഞ 
സ്ലേറ്റില്‍,
ചൊറി പിടിച്ച 
കൈകള്‍ കൊണ്ട് 
കുഴച്ചെടുത്ത്
പയ്കറ്റിലാക്കി
തൂക്കിയിട്ടിരിക്കുന്നു, 
കേശവേട്ടന്റെ 
പീടികയില്‍. 

അഞ്ചു പൈസക്കായി 
കോന്തലയിലേക്ക്  നീണ്ട 
വലതു കൈ 
ബെല്‍റ്റിനു പുറത്തെ 
മൊബൈല്‍ ഫോണില്‍ത്തട്ടി 
ഇരുപതൊന്നാം നൂറ്റാണ്ടിലേക്ക് 
തെറിച്ചു വീണു. 

Wednesday, June 8, 2011

പ്രതീക്ഷ

പ്രിയേ , 
മൌനത്തിന്റെ 
മുറിവുകളൊക്കെയും 
മിഴിനീരു കൊണ്ട് 
കഴുകിക്കളയാമെന്നായിരുന്നു
എന്റെ പ്രതീക്ഷ

വിരഹത്തിന്റെ 
വേദനകളൊക്കെയും 
കാലം കൊണ്ട് 
മായ്ച്ചു കളയാമെന്നായിരുന്നു 
എന്റെ പ്രതീക്ഷ

ഓര്‍മയുടെ 
കനലുകളൊക്കെയും
മറവി കൊണ്ട് 
കെടുത്തിക്കളയാമെന്നായിരുന്നു
എന്റെ പ്രതീക്ഷ   

Wednesday, June 1, 2011

നീയും നിലാവും

പ്രിയപ്പെട്ടവളേ
നീയും നിലാവും
ഒരമ്മയ്ക്ക് പിറന്നതായിരിക്കണം
അല്ലെങ്കില്‍ 
ഇത്രയേറെ വെളിച്ചം പരത്താന്‍ 
നിനക്കാവുമായിരുന്നില്ലല്ലോ 

നീയും നിലാവും 
ഒരേ വള്ളിയിലെ പൂക്കളായിരുന്നിരിക്കണം
അല്ലെങ്കില്‍ 
നീ വിടരുമ്പോള്‍ 
മുല്ലപ്പൂവിന്റെ 
സൌരഭം നിറയുമായിരുന്നില്ലല്ലോ

നീയും നിലാവും 
ഒരേ പാട്ടിന്റെ വരികളായിരിക്കണം
അല്ലെങ്കില്‍ 
നീ പിരിയുമ്പോള്‍ 
ഒരേയീണം
മൂളു മായിരുന്നില്ലല്ലോ 

നീയും നിലാവും 
ഒരേ പൂവിന്റെ 
ഇതളുകളായിരുന്നിരിക്കണം  
അല്ലെങ്കില്‍
ഇത്ര വേഗത്തില്‍
വാടിവീഴുമായിരുന്നില്ലല്ലോ

നീയും നിലാവും
ഒരേ വഴിക്കായിരിക്കണം
പോയി മറഞ്ഞത്
അല്ലെങ്കില്‍
പൌര്‍ണമി രാവിലും
എന്റെയുള്ളില്‍
ഇരുട്ട് പരക്കുമായിരുന്നില്ലല്ലോ

പ്രിയപ്പെട്ടവളേ
നീയും നിലാവും
ഒന്നു തന്നെയായിരിക്കണം
അല്ലെങ്കിലിത്രമാത്രം
ഞാന്‍
പ്രണയിക്കുമായിരുന്നില്ലല്ലോ

Thursday, April 28, 2011

വേനല്‍ മഴയോട്


1.

വിളക്ക് കെടുത്തി
ജാലകപ്പുറത്തോളം വന്ന്
കൊതിപ്പിച്ചിട്ട്‌
നീ പൊയ്ക്കളയും.
നിനക്കറിയില്ലല്ലോ,
നിന്റെ പ്രണയത്തിന്റെ
ഊഷരതയും കാത്ത്
ഉള്ളിലൊരാള്‍
വേനല്ക്കനലില്‍
ഉരുകിതീരുന്നുണ്ടെന്ന്....

2.

കാറ്റു കൊണ്ട്
നിനക്കെന്നെ വീഴ്ത്താനാവില്ല,
ഉള്ളിലിങ്ങനെ
കൊടുങ്കാറ്റുയരുമ്പോള്‍

മിന്നല്‍ കൊണ്ട്
നിനക്കെന്നെ കത്തിക്കാനാവില്ല
ഉള്ളിലിങ്ങനെ
കനലെരിയുമ്പോള്‍

ഇടി കൊണ്ട്
നിനക്കെന്നെ ഭയപ്പെടുതാനാവില്ല
ദിഗന്തങ്ങള്‍ പൊട്ടുമാറ്
ഹൃദയമിങ്ങനെ മിടിക്കുമ്പോള്‍

മഴനീരുകൊണ്ട്
നിനക്കെന്നെ നനയ്ക്കാനാവില്ല
മിഴിനീരിനാല്‍
ഞാനൊരു പ്രളയമായിരിക്കുമ്പോള്‍... 

Monday, April 18, 2011

വേനല്‍ മഴ

കത്തിയെരിഞ്ഞു നില്‍ക്കുന്ന 
ചില പകലുകളില്‍ 
മുന്നറിയിപ്പൊന്നുമില്ലാതെ 
ഉതിര്‍ന്നു വീഴും, വേനല്‍ മഴ 

പുന:സമാഗമത്തിന്റെ 
തീവ്ര ഗന്ധമുയര്‍ത്തും
ഓര്‍മകള്‍ക്ക് മുകളിലെ
മണ്ണ് മുഴുവന്‍ ഒലിച്ചുപോകും 
കരിഞ്ഞു പോയ മോഹങ്ങളെ
വീണ്ടും മുളപ്പിക്കും...

എന്റെ ദാഹത്തിന്റെ 
കനലടുപ്പില്‍ വീണ്
ബാഷ്പമായോടുങ്ങുമെന്നറിയാം
എങ്കിലും 
ഓരോ തുള്ളിയോടോപ്പവും 
ഞാന്‍ കിനാവ്‌ കാണാറുണ്ട് 
നീ കൂടെയുണ്ടായിരുന്ന 
പെരുമാഴക്കാലങ്ങള്‍....

Friday, April 15, 2011

നീയും ഞാനും...

1. 
നിലാവുള്ളപ്പോഴോന്നും
നിന്നെക്കാണില്ല. 
നീയുള്ളപ്പോള്‍ പ്പിന്നെ 
നിലാവിന്റെ ആവശ്യവുമില്ല.
നീയും നിലാവും 
കുടചൂടി നടക്കുംബോഴായിരിക്കണം 
മൌന മഴ പെയ്തിറങ്ങുന്നത് 

2.
നിന്റെ നനുത്ത മേനിയില്‍ 
ഒന്ന് സ്പര്‍ശിക്കാന്‍ 
ആഗ്രഹാമില്ലഞ്ഞിട്ടല്ല .
പക്ഷെ 
എന്റെ പ്രണയത്തിന്റെ 
ചൂടേറ്റു നീ
വാടിക്കരിഞ്ഞു പോയെങ്കിലോ 
എന്ന് ഭയന്നിട്ടാണ്.

3.
നിനക്കും എനിക്കുമിടയില്‍ 
മൌനത്തിന്റെ വസന്തം 
പൂവിട്ടു നിന്ന 
ഒരു കാലമുണ്ടായിരുന്നു 
പ്രണയത്തിന്റെ 
ചൂടേറ്റിട്ടാവണം
പിന്നെയത് 
മിഴിനീര്‍പ്പൂക്കളായി
കരിഞ്ഞു വീണത് 

4. 
മുഖപടത്തിനുള്ളില്‍ 
നിനക്ക് 
ഹൃദയമൊളിപ്പിക്കാനാവില്ലല്ലോ 
മൌനം കൊണ്ട് 
എനിക്കെന്റെ 
പ്രണയമൊളിപ്പിക്കാനാവാത്ത പോലെ...

Thursday, April 14, 2011

പോകട്ടെ ഞാന്‍

ഇനി നിനക്കുറങ്ങാമിവിടെപ്പിരിയുന്നു, 
രണ്ടായ് വഴികളും ജീവിതവും 
നിഴലുപോലെ പ്രണയം നിന്റെ പിറകില്‍ 
നടന്നു തീര്‍ത്ത വഴികളൊക്കെയും 
എരിയുമിനിയെന്റെ കരള്‍ക്കനലുകളഗ്നി-
ഗോളങ്ങളായുതിരുന്ന മിഴിനീര്‍ക്കണങ്ങളാല്‍
മണ്ണിലിരുളില്‍ വിളക്കായ് കൊളുത്തീടാം 
കത്തുന്ന ഹൃദയവും തകര്‍ന്ന കിനാക്കളും 
ഇവിടെ യൊറ്റക്കല്ല നീയൊരിക്കലും 
ഓമനേയൊറ്റപ്പെടുന്നത് ഞാനാണീപ്പകലു-
പോലുമിരു ളാര്‍ന്ന ജീവിതപ്പാതയില്‍.
പോകട്ടെ ഞാന്‍, നിന്റെയോര്‍മ തന്‍ നിലാവില്‍,
നൊമ്പര ഭാരം പേറിയിടറി  വീഴും വരെ.... 

നമ്മളൊരിക്കലും ...

മൌനത്തെക്കുറിച്ച്
പറഞ്ഞു തുടങ്ങിയതില്‍പ്പിന്നെ 
നമ്മളൊരിക്കലും 
മിണ്ടാതിരുന്നിട്ടില്ല

ഇരുട്ടിനെ
പ്രണയിച്ചു തുടങ്ങിയതില്‍പ്പിന്നെ 
നമ്മളൊരിക്കലും
വിളക്ക് കെടുത്തിയിട്ടില്ല 

വേര്‍പിരിയാന്‍ 
തീരുമാനിച്ചതില്‍പ്പിന്നെ 
നമ്മളൊരിക്കലും 
കാണാതിരുന്നിട്ടില്ല

മറക്കാന്‍ 
ശ്രമിച്ചു തുടങ്ങിയതില്‍പ്പിന്നെ 
നമ്മളൊരിക്കലും 
പരസ്പരമോര്‍ക്കാതിരുന്നിട്ടില്ല

പ്രിയപ്പെട്ടവളേ 
നിന്നെക്കണ്ടതില്‍പ്പിന്നെ
നമ്മളൊരിക്കലും 
ഞാനും നീയുമായിരുന്നിട്ടില്ല ..!

Wednesday, April 13, 2011

ചില പ്രണയക്കുറിപ്പുകള്‍

1. 
യാത്ര പറയാനെന്തെളുപ്പമാണ്
നിനക്ക് മുന്നില്‍ 
വഴികള്‍ തീരുന്നില്ലല്ലോ.
വേദനകള്‍ 
തിന്നു തീര്‍ക്കേണ്ടത്
ഞാന്‍ മാത്രമാണല്ലോ... 
2.
പിണങ്ങിതന്നെയിരിക്കണം
അല്ലെങ്കില്‍ ഞാന്‍ 
നമ്മുടെ പ്രണയത്തെക്കുറിച്ച് 
മറന്നു പോയെങ്കിലോ....

3.
മൌനം കൊണ്ട് 
നിനക്ക്
മരണത്തെ 
തോല്‍പ്പിക്കാനാവും
പക്ഷെ
മരണം കൊണ്ട്
നിനക്കെന്റെ
പ്രണയത്തെ
തോല്പ്പിക്കാനാവുമോ...

4. 
മറുപടി കിട്ടുവാനായിരുന്നില്ലെങ്കില്‍ 
മൌനം കൊണ്ട് ഞാനെഴുതുമായിരുന്നില്ല ..!

5. 
നിന്റെ 
കരളിന്റെ മിടിപ്പ്
ഞാനറിഞ്ഞിരുന്നില്ല
പ്രണയിക്കും വരെ
നിന്റെ 
കവിളിന്റെ തുടിപ്പ്
ഞാനറിഞ്ഞിരുന്നില്ല
പിരിയും വരെ 

6.
മൌനമേ 
നിനക്കാരാണ്
പ്രണയമെന്നു പേരിട്ടത് 

നോമ്പരമേ
നിന്നെയാരാണ്
തീക്കനല്‍ കൊണ്ട് 
കടഞ്ഞെടുത്ത്

ഹൃദയമേ
നിനക്കാരാണ്
മിഴിനീരു 
കടം തന്നത്

വിരഹമേ
നിന്നോടെന്താണ് 
അവള്‍
പറഞ്ഞയച്ചത്

7.
പ്രണയം കൊണ്ട്
നീയെന്റെ
മൌനത്തിന്റെ 
വാതില്‍ തുറന്നു

എന്നിട്ടിപ്പോള്‍
മൌനം കൊണ്ട്
നീയെന്റെ
പ്രണയത്തിന്റെ
വാതിലടക്കുകയാണോ...?

Tuesday, April 12, 2011

മാപ്പ്

മാപ്പിരക്കുന്നു ഞാന്‍ സഖീ
മൌനമായ് നിന്‍ പ്രണയത്തിന്റെ 
പങ്കു പറ്റിയതിന്,
നിന്റെ ഹൃദയ തന്ത്രിയിലെന്‍ 
വിരലുകള്‍ മീട്ടിയതിന്,
എന്റെ കിനാക്കളിലേക്ക് നിന്നെ
വിരുന്നു വിളിച്ചതിന്,
നിന്റെ സ്നേഹത്തിന്റെ
പൂക്കള്‍ പറിച്ചതിന്,
നിന്റെ മോഹങ്ങളില്‍ നിന്ന്
തട്ടിയുണര്‍ത്തിയതിന്,
നിന്റെയോര്‍മകളില്‍ നിന്ന്‍
കടമെടുത്തതിന്,
നിന്റെ ചിന്തകള്‍ക്ക് 
തീ പിടിപ്പിച്ചതിന്,
നിന്റെ വഴികളില്‍ 
വിലങ്ങായി നിന്നതിന്,
നിന്റെ നിദ്രകളിലേക്ക് 
സ്വപ്നമായി വന്നതിന്,
നിന്റെ ഹൃദയത്തിലൊരു 
കൂട് വച്ചതിന്,
ഹൃദയ ഭിത്തിയില്‍ നിന്റെയൊരു 
ചിത്രം വരച്ചതിന്,

പിന്നെ...
എനിക്ക് വേണ്ടി 
നീ പാഴാക്കിക്കളഞ്ഞ 
രക്തത്തിന്റെ നിറമുള്ള 
കണ്ണുനീര്‍ത്തു ള്ളികള്‍ക്ക്.

Saturday, April 9, 2011

പ്രിയപ്പെട്ടവളേ

പ്രിയപ്പെട്ടവളേ 
ഉടഞ്ഞു പോയ വളപ്പൊട്ടുകള്‍ക്ക് പകരം 
നീ ചോദിച്ച ഒരു കുടം കണ്ണീര്‍ 
ഇന്നും കടമായിരിപ്പുണ്ട്.
ഇടതു കൈയില്‍ നീയിട്ട 
മോതിരത്തിന്റെ മുറിപ്പാടുകള്‍ 
ഹൃദയത്തിലിന്നും നീറുന്നുണ്ട് 
പകലുറക്കങ്ങളില്‍ 
നിന്റെ മൈലാഞ്ചിച്ചോപ്പിന്റെ 
മിന്നല്‍ പിണരില്‍ നടുങ്ങാറുണ്ട് 
നിലാവുള്ള രാത്രികളില്‍ 
നീ കടം തന്ന കിനാക്കള്‍ 
മാനത്ത് വിടരാറുണ്ട് 
പുലര്‍ കാറ്റിനൊപ്പം 
നിന്റെ മുടിയിലെ റോസാപ്പൂവിന്റെ 
പരിമളം എത്താറുണ്ട് 
ഡയറിയുടെ താളില്‍ നിന്ന് 
നിന്റെ കയ്യക്ഷരങ്ങള്‍ 
ചിറകു വച്ച് പറക്കാറുണ്ട്
ഇളം നീല നിറത്തിലുള്ള 
നിന്റെ സാരിത്തലപ്പിലുടക്കി 
ഒര്മാകളിടരി വീഴാറുണ്ട്‌ 
ചുമരിലെ ഫോട്ടോയില്‍ നിന്നടരുന്ന 
കണ്ണീര്തുള്ളികള്‍ വീണ്
ഇടയ്ക്കിടെ ഞെട്ടിയുണ രാറുണ്ട്



പ്രിയപ്പെട്ടവളേ 
കരഞ്ഞുറങ്ങുന്ന ഓരോ രാത്രിയിലും 
നിന്റെ ഖബറിടത്തില്‍ നിന്ന് 
എന്റെ പുതപ്പിനുള്ളിലേക്ക് 
ഒരു കവാടം തുറക്കാറുണ്ട്

Friday, April 8, 2011

പ്രവാസം


ഡ്യൂട്ടിക്കും ഓവര്‍ടൈമിനുമിടയിലെ 
അരമണിക്കൂറില്‍ 
കടല് കടന്നെത്താറുണ്ട്
ഓര്‍മ്മകള്‍ പലവിധം 
തേങ്ങാചമ്മന്തിയുടെ സ്വാദിനൊപ്പം
ഭാര്യയുടെ കണ്ണീരുണ്ടാവും
പഞ്ചാര  മിഠായിയുടെ മധുരത്തിനൊപ്പം
കുഞ്ഞു മോന്റെ കരച്ചില്‍ 
മുളകിട്ട മീന്‍ കറിക്കൊപ്പം 
പുതുമഴയുടെ കുളിര് 
കുയില്‍ പാട്ടിനൊപ്പം 
മീന്‍കാരന്റെ കൂവല്‍
തോണിയുടെ താളത്തിനൊപ്പം 
തീവണ്ടിയുടെ ആരവം 


മണല്‍ക്കാട് മുഴുവന്‍ തിരഞ്ഞിട്ടും
പ്രവാസത്തിന്റെ തേങ്ങലുകളല്ലാതെ 
ഉമ്മൂമ്മയുടെ അറബിക്കഥയിലെ 
രാജകുമാരന്റെ കുതിരക്കുളംബടി കേട്ടില്ല. 

മുറിവ്



ഡയറിയില്‍
കുറെ താളുകള്‍ നിറച്ചു വച്ചു
കിനാവില്‍
കുറെ കൊട്ടാരങ്ങള്‍ പണിതു വച്ചു
ചിന്തകളില്‍
കുറെ കനലുകള്‍ കൂട്ടിയിട്ടു
മോഹങ്ങളുടെ
മാലകള്‍ കോര്‍ത്തുവച്ചു
ദാഹങ്ങളുടെ
അരികു പറ്റിക്കിടന്നു
ഓര്‍മകളുടെ
ചൂട് പുതച്ചുറങ്ങി
ഒടുക്കം
വിളിച്ചുണര്‍ത്തിയിട്ടവള്‍ പറയുന്നു
എല്ലാം കിനാവയിരുന്നെന്ന്
അവള്‍ക്കറിയില്ലല്ലോ
കിനവിനും ജീവിതതിനുമിടക്ക്
മുറിഞ്ഞു പോയത്
എന്റെ ഹൃദയമായിരുന്നെന്ന്

ഓര്‍മകളിലെ മഴ



ഓര്‍മകളില്‍ നിന്ന് ചിലപ്പോഴൊക്കെ
മഴ ഇറങ്ങിവരാറുണ്ട്
നൊംബരങ്ങളുടെ കുടപിടിച്ചും
ചിപ്പോള്‍ കറുത്ത ഓര്‍മകളുടെ
അരികു പറ്റീയും
വീണുറടഞ്ഞ കിനാക്കളുടെ
നിഴലില്‍ മറഞ്ഞും
മഴ ഒളിച്ചുകടക്കാറുണ്ട്
നനഞ്ഞ പുസ്തകത്തില്‍ നിന്ന്
ഒലിച്ചിറങ്ങിയ അക്ഷരങ്ങളില്‍
അവളുടെ കണ്ണീരുണ്ടായിരുന്നു.
തറവാട്ടിലെ ഇലഞ്ഞച്ചോട്ടില്‍
ഒന്നിച്ചു നനഞ്ഞ മഴക്ക്
വേര്‍പാടിന്റെ ചൂടുണ്ടായിരുന്നു.
ഇടവപ്പാതിയില്‍ പെയ്യാനറച്ച
മഴ മേഘങ്ങള്‍ക്ക്
അവളുടെ നാണമുണ്ടായിരുന്നു.
ഇടവഴിയിലതോലത്തുംബില്‍ നിന്ന്
മഴ കൊഞ്ഞനം കുത്താറുണ്ടായിരുന്നു.
പുഴ കടക്കാന്‍ അവളില്ലാതതപ്പോഴൊക്കെ
മഴ കൂട്ടിനു വരാറുണ്ടായിരുന്നു.
ക്യാംപസിലെ കുന്നിറക്കങ്ങളില്‍ഒ
റ്റക്കുടക്കു മേല്‍ പെയ്ത മഴ
ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു.
വൈകിയെത്തുംബോള്‍
അമ്മയുടെ വഴക്കിനൊപ്പം മഴ
മഴകലപില കൂട്ടാറുണ്ടയിരുന്നു.
ഉറക്കം വരാത്ത രാത്രികളില്‍
ജാലകപ്പുറത്തു നിന്ന്
മഴതാരാട്ട് പാടാറുണ്ടായിരുന്നു.

ഓര്‍മകളില്‍ നിന്ന് ചിലപ്പോഴൊക്കെ
മഴ ഇറങ്ങി വരാറുണ്ട്
ചിരിച്ചും കളിച്ചും
ഇടക്ക് പിണങ്ങിയും
ഓര്‍മയായിത്തീര്‍ന്ന
പ്രിയ സഖിയെപ്പോലെ..

പ്രണയ വര്‍ണം



പ്രതീക്ഷയുടെ
ആകാശം പോലെ
നീലച്ചും
മോഹത്തിന്റെ
റോസാപ്പൂ പോലെ
മഞ്ഞച്ചും
നാണിച്ച
കവിളു പോലെ
ചുവന്നും
ഉച്ചയുറക്കത്തിലെ
കിനാവു പോലെ
വെളുത്തും
വേര്‍പാടിന്റെ
വേദന പോലെ
കറുത്തും
ഹ്രിദയത്തിന്റെ നിറമുള്ള
ഒരു നൊംബരമാണ്പ്രണയം..

ഗാസയിലെ പൂക്കള്‍

ബോംബു വര്ഷം കഴിഞ്ഞ്
കണ്ണീര്‍ മഴ പെയ്യുന്ന 
ചില ദിവസങ്ങളില്‍
ഞങ്ങളുടെ മുററത്തും 
 പൂക്കള്‍ വിടരാറുണ്ട്‌

ചോര കൊണ്ട് നനചിട്ടാവാം 
ചുവന്നിരിക്കാനാണവക്കിഷ്ടം

വിശപ്പിനും മരണത്തിനുമിടക്ക് 
ഞങ്ങള്‍ക്കെന്തിനാണ് പൂക്കളെന്നു 
നിങ്ങള്‍ ചോദിച്ചേക്കാം 

നേരാണ് !
പുലര്‍ മഞ്ഞില്‍ 
മുള്ള് കൊണ്ട് മുറിഞ്ഞ 
ചോരയും ചേര്ത്തിറുത്തെടുത്തൊരു
പനിനീര്‍പ്പൂവ് കൊടുക്കാന്‍ 
ഞങ്ങള്‍ക്ക് പ്രനയിനികളില്ല
പ്രണയിക്കാന്‍ നേരവുമില്ല 

വിളവെടുപ്പ് കഴിഞ്ഞ് 
പൂക്കളമൊരുക്കാറില്ല  
മാലകള്‍ കോര്‍ത്ത്
ഒലിവിലകളോടൊപ്പം തൂക്കിയിടാന്‍ 
ആഘോഷങ്ങളുമില്ല 

പൂച്ചെണ്ട് കൊടുക്കാന്‍ 
നിങ്ങളുടെ നേതാക്കളൊന്നും 
നിങ്ങളുടെ  നേതാക്കളൊന്നും 
ഞങ്ങളുടെ മണ്ണിലേക്ക് വരാറില്ല 
രാസായുധങ്ങള്‍ പരന്ന 
തോട്ടങ്ങളിലേക്ക് 
പൂമ്പാറ്റകള്‍ പോലും വരാറില്ല 
തേനിറുക്കാന്‍ 
വണ്ടുകളുമിനി ബാക്കിയില്ല 

പൂവും തേടി 
വിനോദ സന്ചാരികളും
ബഹുരാഷ്ട്ര കമ്പനികുമൊന്നും 
ഇതുവഴി വരാറില്ല 

മാനത്തു നിന്ന് വിതറാന്‍ 
ഇസ്രായേലിന്റെ 
തീയുണ്ടകളുള്ളപ്പോള്‍ 
പൂക്കള്‍  ഞങ്ങള്‍ക്കാവശ്യവുമില്ല  

പിന്നെയുമെന്തിനാണു 
ഞങ്ങള്‍ക്ക് പൂക്കളെന്നാവും
നിങ്ങളുടെ ചോദ്യം.
വിടരും മുമ്പേ വാടിവീഴുന്ന 
ഞങ്ങളുടെ കുരുന്നുകളുടെ 
ജനാസക്കൊപ്പം വെക്കാന്‍
ഈ പൂക്കളല്ലാതെ
മറ്റെന്താണ് ഞങ്ങള്‍ക്കുള്ളത്!

ഞാനൊരു പാവം ജിഹാദി

എന്റെ നാട്
സ്വര്‍ണ ലിപികളിലെഴുതിയ
തിളങ്ങുന്ന
ഒരു ഭരണഘടന
സമത്വം, സാഹോദര്യം
സ്വാതന്ത്ര്യം, ജനാധിപത്യം
നാനാത്വത്തില്‍ ഏകത്വം ....

എന്റെ പേര്,
വെള്ളത്തൊപ്പിയും താടിയും വച്ച
കളഞ്ഞു പോയ
ഒരു പാസ്പോര്‍ട്ട്‌
ഭീകരവാദി, തീവ്രവാദി,
ചാരന്‍, ഒറ്റുകാരന്‍
ദേശദ്രോഹി.....

എന്റെ വീട്
നിരപരാധികളുടെ നെടുവീര്‍പ്പുകള്‍
പ്രതിധ്വനിക്കുന്ന
ഒരു തടവറ
കോടതി, പോലീസ്
സ്പെഷ്യല്‍ സ്ക്വാഡ്
ആഗോള ഗൂഡാലോചന

ഞാന്‍,
പിറന്ന മണ്ണില്‍,
പിറക്കരുതായിരുന്ന
ഒരു പേരും പേറി
മുഖം മറച്ച്
തോക്കും പിടിച്ച്
വിദേശ പരിശീലനം നേടിയ
ഒരു പാവം ജിഹാദി

നിങ്ങള്‍,
ഭരണകൂടത്തെ വിശ്വസിച്ച്
മാധ്യമങ്ങളുടെ 
നേരു പുതച്ച്
കണ്ണടച്ചിരുട്ടാക്കി
ഉറക്കം നടിക്കുന്ന
കൊടും ഭീകരര്‍ !!

Friday, April 1, 2011

മഴയും പുഴയും

പുഴ ഒരോര്‍മയാണ്
മറവിയുടെ മുളങ്കാടുകളില്‍ നിന്ന് 
കാലത്തിന്റെ 
ഉരുളന്‍ കല്ലുകളില്‍തട്ടിയും
വേര്‍പാടിന്റെ 
കയങ്ങളില്‍ വീണും
വേദനയുടെ കടവുകളില്‍ 
പിന്നെയും കണ്ടു മുട്ടിയും
മുകളിലേക്കൊഴുകുന്ന 
കണ്ണീരോര്മകള്‍....

മഴ ഓരോര്മപ്പെടുതലാണ് 
കുട്ടിക്കാലത്തിന്റെ ഇല്ലായ്മയില്‍ നിന്ന്
വിശപ്പിന്റെ കനലടുപ്പുകളില്‍ വീണും
മോഹങ്ങളുടെ 
ചിറകുകള്‍ നനച്ചും 
പ്രതീക്ഷകളുടെ 
വിളക്കുകള്‍ കെടുത്തിയും
മരിച്ചു പോയ കാലത്തിന്റെ
ഓര്‍മപ്പെടുത്തലുകള്‍ ...


മഴയില്‍ നിന്ന് പുഴ  പിറക്കുന്നു
പുഴയില്‍ നിന്ന് മഴ പിറക്കുന്നു
മഴയും പുഴയും ചേര്‍ന്ന്‍ ഓര്‍മകളും ...!!