Total Pageviews

Saturday, May 25, 2013

നിതാഖാത്ത്

ഇനി മടങ്ങാമിവിടെത്തീരുന്നു പ്രവാസം
പൊതിഞ്ഞു കെട്ടാമിനി കിനാക്കൾ,
പാതി മുറിഞ്ഞുപോയ മോഹങ്ങൾ
വായിച്ചു തീരാത്ത കത്തുകൾ
ഇനിയും കേട്ടു മടുക്കാത്ത കത്തുപാട്ടുകൾ
ചില്ലിട്ടു വച്ച ചിത്രങ്ങൾ നാളുകൾ-
വെട്ടിത്തീർത്ത കലണ്ടറിൻ താളുകൾ
ഓർമയ്ക്കു മേൽ വലിച്ചിട്ട പുതപ്പുകള്‍
മലയാളത്തിന്‍ മണമുള്ള കടലാസുതുണ്ടുകള്‍
പകലു കരിഞ്ഞും പകുതിയുറങ്ങിയും
യൌവനത്തിനുമേല്‍ നരവീണ പാടുകള്‍
പകുതി പണിഞ്ഞും പകുതി തകര്‍ന്നും
ജീവിതത്തിനു മേല്‍ പരന്ന നിഴലുകള്‍
പാതിയുണ്ടും വിശന്നും പകര്‍ന്ന രോഗങ്ങള്‍....

കരളു പറിച്ചു പോന്നതാണു പണ്ടി,പ്പോള്‍
കരളു പിടഞ്ഞു പോകുന്നു യാത്രയോതുമ്പോള്‍,
കനലു തിന്നുകൊണ്ടായിരുന്നെങ്കിലും നാട്ടിലെ-
കനവുകള്‍ക്ക് ചിറകു തന്നോരീ നാടിനോടും,
സങ്കടക്കടലുനീളെ കൂടെത്തുഴഞ്ഞ കൂട്ടുകാരോടും.
ഇനിയിരുളുമാത്രമാണ് മുന്നില്‍
പോകുവാനുണ്ടേറെ ദൂരമിനിയും
തളര്ന്നയുടലും തകര്‍ന്ന മനസ്സുമായ്.
നന്ദിയോതുന്നു ഞാനെ, ണ്ണ വറ്റാത്തയീ മണ്ണിനോടും
കരുണയും കനിവും വറ്റാത്ത ഹൃദയങ്ങളോടും

Sunday, May 19, 2013

നമ്മളൊരിക്കലും...

മൌനത്തെക്കുറിച്ച്
പറഞ്ഞുതുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
മിണ്ടാതിരുന്നിട്ടില്ല.

ഇരുട്ടിനെ
പ്രണയിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
വിളക്കു കെടുത്തിയിട്ടില്ല.

വേര്‍പിരിയാന്‍
തീരുമാനിച്ചതില്‍പ്പിന്നെ
നമ്മളൊരിക്കലും
കാണാതിരുന്നിട്ടില്ല.

മറക്കാന്‍
ശ്രമിച്ചു തുടങ്ങിയതില്‍[[പ്പിന്നെ
നമ്മളൊരിക്കലും
പരസ്പരമോര്‍ക്കാതിരുന്നിട്ടില്ല.

പ്രിയപ്പെട്ടവളേ,
നിന്നെക്കണ്ടതില്പ്പിന്നെ
നമ്മളൊരിക്കലും
ഞാനും നീയുമായിരുന്നിട്ടില്ല.

Friday, May 17, 2013

വേനല്‍ മഴയോട്

കാറ്റുകൊണ്ട്
നിനക്കെന്നെ വീഴ്ത്താനാവില്ല
ള്ളിലിങ്ങനെ
കൊടുങ്കാറ്റുയരുമ്പോള്‍

മിന്നല്‍ കൊണ്ട്
നിനക്കെന്നെ കത്തിക്കാനാവില്ല
ഉള്ളിലിങ്ങനെ
കനലെരിയുമ്പോള്‍

ഇടികൊണ്ട്
നിനക്കെന്നെ  വീഴ്ത്താനാവില്ല
ദിഗന്തങ്ങള്‍ പൊട്ടുമാറ്
ഹൃദയമിങ്ങനെ മിടിക്കുമ്പോള്‍

മഴനീരുകൊണ്ട്
നിനക്കെന്നെ നനയ്ക്കാനാവില്ല
മിഴിനീരിനാല്‍
ഞാനൊരു പ്രളയമായിരിക്കുമ്പോള്‍...

ചൂട്

ചൂടാവാനെന്തെളുപ്പമാണ്!
മുറ്റത്തെ മാവും
പറമ്പിലെ കാവും
വയലിലെ കുളവും
വഴിയിലെ ഉറവും
പുഴയിലെ നിറവും
കാട്ടിലെ ചോലയും
മലയിലെ മരവും
ഒക്കെ നശിപ്പിച്ചിട്ട്
കറന്റ്‌ കട്ടിന്റെ നേരത്ത്
എന്തൊരു ചൂടെന്നു പറഞ്ഞ്
എ.സിയോടും ഫാനിനോടും
സര്‍ക്കാരിനോടുമൊക്കെ
ചൂടാവാനെന്തെളുപ്പമാണ്...

Sunday, May 5, 2013

പുളിയച്ചാർ

കരിപിടിച്ച
ഓർമകൾ
കണ്ണീരിന്റെ മധുരവും
വിയര്പ്പിന്റെ പുളിയും
ചേർത്ത്
മഴ നനഞ്ഞ
സ്ലേറ്റിൽ ,
ചൊറിപിടിച്ച
കൈകൾ കൊണ്ട്
കുഴച്ചെടുത്ത്
പായ്ക്കറ്റിലാക്കി
തൂക്കിയിട്ടിരിക്കുന്നു
കേശവേട്ടന്റെ പീടികയിൽ.
അഞ്ചു പൈസക്കായി
കോന്തലയിലേക്ക്  നീണ്ട
വലതുകൈ
ബെൽറ്റിനു പുറത്തെ
മൊബൈൽ ഫോണിൽത്തട്ടി
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്
തെറിച്ചുവീണു ..! 

Wednesday, May 1, 2013

മാന്ദ്യം

ടി.വി യിലെ
ഓഹരിക്കണക്ക് കേട്ടു
ബോധമറ്റു വീണതാണച്ഛന്‍

സ്വര്‍ണ വില കേട്ടതില്‍പ്പിന്നെ
സീരിയലൊന്നും കണ്ടില്ല
അമ്മ

നൂഡില്‍സിനു പകരം
കഞ്ഞിയായതാണ്
മുത്തച്ഛനു പരാതി

ബെന്‍സ് വിറ്റും
നാനോ വാങ്ങണമെന്ന്
മുത്തശ്ശി മൊഴി

ഗള്‍ഫീന്നയച്ച
 ഡ്രാഫ്റ്റിനു കനം പോരെന്നു
ഏട്ടത്തിക്ക് പരിഭവം

ബാങ്ക് ബാലന്‍സ്
കുറഞ്ഞതിനാണ്
അനിയന്‍ പിണങ്ങിയത്

ദോഷം പറയരുതല്ലോ,
മാന്ദ്യമായതില്‍പ്പിന്നെയാണ്
വിശപ്പിന്റെ എരിവും
വിയര്‍പ്പിന്റെ പുളിയും
വിരുന്നിന്റെ മധുരവുമൊക്കെ
ഞാനുമറിഞ്ഞു തുടങ്ങിയത്.