Total Pageviews

Monday, October 10, 2011

തെരുവുസര്‍ക്കസ്

വിശപ്പിനെ പറ്റിക്കാന്‍ 
ഒഴിഞ്ഞ കലത്തില്‍
അമ്മ കയിലിട്ടിളക്കുന്നത് കണ്ടാണ്‌ 
ചെണ്ട കൊട്ട് പഠിച്ചത് 

ഒക്കത്തും തോളിലും 
തൊട്ടിലിലുമായി
നാലെണ്ണത്തെയേല്‍പ്പിച്ചാണ്
അമ്മ പോയത് 

കുടിച്ചു വരുന്ന അച്ഛനില്‍ നിന്നാണ് 
ബാലന്‍സ് ചെയ്യാന്‍ പഠിച്ചത് 
തലയിലൊരു കുടവുമായി 
മുളംബാലം എത്ര കടന്നതാണ് 

ഒട്ടിയ വയറുമായി 
വളയം ചാടാനെളുപ്പമാണ്
ജീവിതം തന്നെ 
ഒരു ഞാണിന്മേല്‍ക്കളിയായിരുന്നല്ലോ 

ചിലതൊക്കെ കാണുമ്പോള്‍ 
തലകുത്തി മറിയാന്‍ തോന്നും
തല തിരിഞ്ഞ ലോകത്ത് 
തല കീഴായി നടക്കാനും 

കുടിലിലെ പട്ടിണിയും പരിവട്ടവും 
ആരോ ജപ്തി ചെയ്തപ്പോള്‍ 
തെരുവിലെക്കിറങ്ങിയതാണ് 
നിങ്ങളതിന് സര്‍ക്കസെന്നു പേരിട്ടു 
ഞാന്‍ ജീവിതമെന്നും..! 

No comments:

Post a Comment