Total Pageviews

Wednesday, November 28, 2018

മതിലുകൾ

അന്നൊരിക്കൽ
രാവിലെ, കുഞ്ഞാമിനയുടെ വീട്ടിൽ
രണ്ടു വിരുന്നുകാർ വന്നു.
ജാനകിച്ചേച്ചിയുടെ വീട്ടിൽ നിന്ന്
നാലു മുട്ടയും ഉരി,യാട്ടിൻ പാലും
അടുക്കള വാതിലിലൂടെ കയറിവന്നു.

ഉച്ചയ്ക്ക്, ജാനകിയുടെ മരുമോൻ
മുന്നറിയിപ്പില്ലാതെ ഉണ്ണാൻ വന്നു.
ജോസപ്പേട്ടന്റെ വീട്ടിൽ നിന്ന്
ഒരു സ്പൂണ് മുളകും ഒരു കയിലെണ്ണയും
വേലിപ്പഴുതിലൂടെ നൂണ്ടു വന്നു.

സന്ധ്യക്ക്, ജോസപ്പേട്ടന്റെ മകളെ
ആരോ പെണ്ണുകാണാൻ വന്നു.
കുഞ്ഞാമിനയുടെ വീട്ടിൽ നിന്ന്
പളുങ്കു പാത്രങ്ങളും ഓട്ടുകിണ്ടിയും
തട്ടത്തിനുള്ളിൽ ഒളിച്ചുകടന്നു.

ഇന്നിപ്പോൾ
വരുന്നതും പോകുന്നതും ആരും കാണാറേയില്ല.
ചിലനേരങ്ങളിൽ, ഗെയ്റ്റിനു മുന്നിൽ നിന്ന്
ഹോം ഡെലിവറി വാനുകളുടെ
ഹോണടി മാത്രം മതിലുകടന്നു വരും!

***റഹീം പൊന്നാട്***

Tuesday, April 24, 2018

മതിലു ചാടി വരുന്ന ഓർമകൾ


രണ്ടാളുയരത്തിൽ മതിലു കെട്ടിയതിൽപ്പിന്നെ
ഇപ്പോൾ വീട്ടിലേക്കാരും വരാറില്ല.
എന്നാലും ക്യാമറക്കണ്ണുകൾ വെട്ടിച്ച്
മതിലുചാടി വരും, ഇടയ്ക്കിടയ്ക്ക് ഓർമകൾ.

പച്ച ഷാൾ പുതച്ച്, അറബന മുട്ടി
താടി ചുവപ്പിച്ച അജ്‌മീർ ഫഖീർ
സോപ്പ്, ചീപ്പ്, കണ്ണാടിയെന്നു പറഞ്ഞ്
കുപ്പിവളകിലുക്കുന്ന കഷണ്ടിക്കാരൻ
ഏതെടുത്താലും ആറുരൂപയെന്ന്
നീട്ടിവിളിക്കുന്ന സ്റ്റീൽ പാത്രക്കാരൻ
മുളങ്കുട്ടയിലെ മണ്പാത്രങ്ങൾക്കൊപ്പം
വെയിലുകൊണ്ട് ചുവന്ന കുശവൻ
ഭാവി പറയുന്ന കുറത്തി, തോളിലെ കൂട്ടിൽ
വർത്തമാനം പറയുന്ന തത്ത
ആടെട, ചാടെട, കുത്തിമറിയെടാ
ചാടിക്കളിക്കുന്ന കുഞ്ചിരാമൻ
കിനാക്കളൊക്കെയും വെള്ളപ്പൊക്കത്തിൽപ്പോയ
ബംഗാളിപെണ്ണുങ്ങൾ, കുട്ടികൾ
അമ്മി കൊത്താനുണ്ടോ, ഉരലു കൊത്താനുണ്ടോ
പൊക്കണം തൂക്കിയ അണ്ണാച്ചിപെണ്ണുങ്ങൾ...

നാളെയാവട്ടെ, ഓർമകളെയൊക്കെ
പിടിച്ചു പുറത്താക്കി വാതിലടക്കണം,
ഗെയ്റ്റിലൊരു ബോർഡു തൂക്കണം
"അനുവാദം കൂടാതെ അകത്തു കടക്കരുത്"

***റഹീം പൊന്നാട്***