Total Pageviews

Tuesday, January 26, 2016

മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ


ഓർമകളിലേക്ക് ലോഗിൻ ചെയ്‌താൽ, 
മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ 
നിരന്തരം അപ്ഡേറ്റാകുന്നത് കാണാം.
കുട്ടിക്കാലത്ത്  ആദ്യംകണ്ട നാൾ മുതൽ 
ഓർമകൾ റീപ്ലേ ചെയ്തു കൊണ്ടേയിരിക്കും.
ദ്രവിച്ചു തുളവീണ പ്രൊഫൈൽ  ചിത്രങ്ങൾ 
ഒന്നൊന്നായി മാറിക്കൊണ്ടേയിരിക്കും.
തമാശകൾ, കളിചിരികൾ, കുസൃതികൾ,
കഥകൾ, കവിതകൾ, പാട്ടുകൾ...
സ്റ്റാറ്റസുകൾ പുതുക്കിക്കൊണ്ടേയിരിക്കും.
ദുഃഖം, സന്തോഷം, കോപം, ഭയം,
ബാക്ക്ഗ്രൗണ്ടിലെ നിറങ്ങൾ മാറിമറിയും.
പിണക്കം, ഇണക്കം, പരിഭവം,
അസൂയ, കുശുമ്പ്, പരിഹാസം...
സ്മൈലികൾ  തുരുതുരാന്ന് വരും.
മായ്ച്ചിട്ടും മായാത്ത ചില സ്റ്റിക്കറുകൾ 
ഹൃദയത്തിൽ ഒട്ടിപ്പിടിച്ചിരിക്കും.

എല്ലാം സഹിക്കാം,
ചിലനേരങ്ങളിൽ മെസേജിൽ വന്നിട്ടു ചോദിക്കും,
'ടാ...സൈൻ ഔട്ട്‌ ചെയ്തിട്ട് ഇങ്ങുപോരാറായില്ലേ'ന്ന്‌!!
അപ്പോൾ മാത്രം സ്ക്രീനിൽ ഇരുട്ട് നിറയും.

Tuesday, January 5, 2016

മരുഭൂമി



മരുഭൂമി
അമ്മയെപ്പോലെയാണ്
ദാഹിച്ചു മരിക്കാറായാലും
കിട്ടുന്ന വെള്ളം
മരുപ്പച്ചകളില്‍ കരുതി വെക്കും
മക്കള്‍ക്കായി

മരുഭൂമി
ഭാര്യയെപ്പോലെയാണ്
ശാന്തമായുറങ്ങുന്നതിനിടക്ക്
മുന്നറിയിപ്പില്ലാതെയാണ്
തീക്കാറ്റായി മാറുക
മരുഭൂമി
സുഹൃത്തിനെ പ്പോലെയാണ്
വീണു പോകുമെന്നാവുംബോഴെക്ക്
തണലൊരുക്കി കാത്തിരിക്കുന്നുണ്ടാവും
താങ്ങി നിര്‍ത്താന്‍
മരുഭൂമി
പ്രണയിനിയെപ്പോലെയാണ്
പിരിയണമെന്നാശിക്കുംബോഴോക്കെയും
കൂടുതല്‍ ശക്തിയോടെ
വലിച്ചടുപ്പിക്കും
ഏകാന്തതയില്‍
ചിലപ്പോഴൊക്കെ
മരുഭൂമി
എന്നെപ്പോലെയുമാകാരുണ്ട്
പ്രതീക്ഷയുടെ ഒരു തളിര് പോലുമില്ലാതെ
വരണ്ടുണങ്ങി, അറ്റമില്ലാതെ....