Total Pageviews

Sunday, February 24, 2013

എങ്കില്‍ സഖീ

ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍
സഖീ, പോകും മുമ്പെ
ഒരു നോക്കു കാണാനിട-
തന്നിരുന്നെങ്കില്‍...

ഒന്നു ചോദിച്ചിരുന്നെങ്കില്‍
മൗനം കൊണ്ടെങ്കിലും
നിന്‍ മനസിന്‍റെ വാതില്‍
തുറന്നിരുന്നെങ്കില്‍

ഒരു പൂവെങ്കിലും തന്നെങ്കില്‍
നിന്നോര്‍മയ്ക്കായ്
ഒരു വളപ്പൊട്ടെങ്കിലും
ബാക്കി വച്ചിരുന്നെങ്കില്‍

ഒന്ന് പാടിയിരുന്നെങ്കില്‍
പാടിത്തകര്‍ന്നൊരീ
മുളന്തണ്ടെങ്കിലും നീ
കണ്ടിരുന്നെങ്കില്‍

തകരുകില്ലായിരുന്നു സഖീ,
നിന്നെയോര്‍ത്തു
കരഞ്ഞു തളര്‍ന്നിടറി
വീഴുകില്ലായിരുന്നു ഞാന്‍ !!!


Monday, February 18, 2013

പിന്നെയും മഴ പെയ്യുന്നു

കുട്ടിക്കാലത്തിന്റെ വറുതിയിലേക്ക്
മഴ വന്നത് പനിയായിട്ടായിരുന്നു.
സ്കൂളിലേക്കുള്ള വഴികളില്‍
കുടയായത് 'മലയാള'ത്തിന്റെ പുറം ചട്ടകള്‍!!

മേല്‍ക്കൂരയുടെ  വിള്ളലിലൂടെ
വിളക്ക്കെടുത്തിയും
പുസ്തകത്തിലെ മയില്‍‌പ്പീലി നനച്ചും
വന്ന മഴ എത്ര പിരാക്ക് കേട്ടതാണ്

കുതിര്‍ന്ന പായയില്‍
തിരിഞ്ഞും മറിഞ്ഞും കിടക്കും
ബാക്കി വന്ന കിനാക്കളൊക്കെയും
തലയണക്കുള്ളില്‍ പാത്തുവെക്കും

കഞ്ഞിയില്‍ വറ്റ് കുറയും
മുളകിനെരിവു കൂടും
പറമ്പിലെ ചേമ്പും ചേനയും
വയറ്റില്‍ ക്കിടന്നു ചൊറിയും

മഴയോടുള്ള അരിശം
അമ്മയോട് തീര്‍ക്കും
നനഞ്ഞ കോലായില്‍ നിന്ന്
മഴയെ ചീത്ത വിളിക്കും

പകലും രാത്രിയും
തവളകള്‍ നിര്‍ത്താതെ കരയും
കറുത്ത മാനം നോക്കി
പിന്നെയും കാലത്തെ ശപിക്കും
*  *   *   *

കാല്‍ച്ചുവട്ടിലൂടെ കാലം ഒലിച്ചുപോയത്
എത്ര പെട്ടൊന്നാണ്;
ജാലകപ്പുറത്തെ മഴക്കാഴ്ചകള്‍
ഇഷ്ടപ്പെട്ടു തുടങ്ങിയതും...

Saturday, February 9, 2013

മദീനയിലെ പ്രാവുകള്‍

പ്രവാചകനെറിഞ്ഞുകൊടുത്ത
ഗോതമ്പു മണികള്‍ തേടി
മദീനയില്‍ പറന്നിറങ്ങുന്നുണ്ടിപ്പോഴും
പരകോടി പ്രാവുകള്‍!..

പല നിറങ്ങള്‍
ദേശങ്ങള്‍, ഭാഷകള്‍...
ആരാണവയെ
മദീനയിലേക്ക് പിടിച്ചുവലിക്കുന്നത്?
അഞ്ചു നേരവും
കൃത്യമായി
ആരാണവയെ
കൂടുതുറന്നു വിടുന്നത്?

പാപ ഭാരവും
സങ്കടക്കണ്ണീരും
മദീനയിലിറക്കിവച്ച്
അവ ചിറകടിച്ചു പറക്കും.

മദീനയുടെ കുളിരില്‍
മുഖമമര്‍ത്തിക്കരയും
മദ്ഹു ഗാനങ്ങള്‍ കൊണ്ട്
മുഹബത്തറിയിക്കും

അറിവിന്റെ കതിര്‍മണികള്‍
കൊത്തിയെടുത്ത് പറക്കും
സംസമിന്റെ മധുരം
മതിവരുവോളം നുകരും

ഉഹ്ദു മലകടന്നു വരുന്ന
കുളിര്‍ കാറ്റേറ്റു മയങ്ങും
പ്രവാചകന്റെ മണ്ണില്‍
പുണ്യം തേടിയലയും

മദീനയുടെ    പ്രഭയില്‍
വെട്ടിത്തിളങ്ങും
മദീനയുടെ സല്‍ക്കാരത്തില്‍
മതിമറന്നു നില്‍ക്കും


ചിറകുകളുടെയെല്ലാം
അധിപനായ നാഥാ,
എനിക്കും രണ്ടു ചിറകുകള്‍ തരൂ
പ്രവാചകന്റെ കൂടണയാന്‍.........