Total Pageviews

Saturday, November 10, 2012

ഗാസയിലെ പൂക്കള്‍

ബോംബുവര്‍ഷം  കഴിഞ്ഞ്
കണ്ണീര്‍മഴ പെയ്യുന്ന
ചില വസന്തങ്ങളില്‍
ഞങ്ങളുടെ മുറ്റത്തും
പൂക്കള്‍ വിടരാറുണ്ട്.

ചോരകൊണ്ട് നനച്ചിട്ടാവാം
ചുവന്നിരിയ്ക്കാനാണവയ്ക്കിഷ്ടം

വിശപ്പിനും മരണത്തിനുമിടയ്ക്ക്
ഞങ്ങള്‍ക്കെന്തിനാണ് പൂക്കളെന്ന്
നിങ്ങള്‍ ചോദിച്ചേക്കാം

നേരാണ്..!
പുലര്‍മഞ്ഞില്‍
മുള്ളുകൊണ്ട് മുറിഞ്ഞ
ചോരയും ചേര്‍ത്തിറുത്തെടുത്തൊരു
പനിനീര്‍പ്പൂവു കൊടുക്കാന്‍
ഞങ്ങള്‍ക്ക് പ്രണയിനികളില്ല ,
പ്രണയിക്കാന്‍ നേരവുമില്ല

വിളവെടുപ്പ് കഴിഞ്ഞ്
പൂക്കളമൊരുക്കാറില്ല
മാലകള്‍ കോര്‍ത്ത്
ഒലിവിലകളോടൊപ്പം തൂക്കിയിടാന്‍
ആഘോഷങ്ങളുമില്ല.

പൂച്ചെണ്ട് കൊടുക്കാന്‍
നിങ്ങളുടെ നേതാക്കളൊന്നും
ഞങ്ങളുടെ മണ്ണിലേക്ക് വരാറില്ല
രാസായുധങ്ങള്‍ പരന്ന
തോട്ടങ്ങളിലെക്ക്
പൂമ്പാറ്റകള്‍ പോലും വരാറില്ല.
തേനിറുക്കാന്‍
വണ്ടുകളുമിനി ബാക്കിയില്ല.

പൂവും തേടി
വിനോദ സഞ്ചാരികളും
ബഹുരാഷ്ട്ര കമ്പനികളുമൊന്നും
ഇതുവഴി വരാറില്ല
മാനത്തു നിന്ന് വിതറാന്‍
ഇസ്രായേലിന്റെ
തീയുണ്ടാകളുള്ളപ്പോള്‍
പൂക്കള്‍ ഞങ്ങള്‍ക്കാവശ്യവുമില്ല.

പിന്നെയുമെന്തിനാണ്
ഞങ്ങള്‍ക്ക് പൂക്കളെന്നാവും
നിങ്ങളുടെ ചോദ്യം !
വിടരും മുമ്പെ വാടിവീഴുന്ന
ഞങ്ങളുടെ കുരുന്നുകളുടെ
ജനാസക്കൊപ്പം വെക്കാന്‍
ഈ പൂക്കളല്ലാതെ
മറ്റെന്താണ് ഞങ്ങള്‍ക്കുള്ളത് ??      

Thursday, November 1, 2012

പെരുന്നാളോര്‍മകള്‍

 ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍
ചിലപ്പോഴൊക്കെ തികട്ടിവരും
പഞ്ഞിയില്‍പ്പുരട്ടി ചെവിയില്‍ത്തിരുകിയ
ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ മണം,
പള്ളിയില്‍ നിന്നൊഴുകി വരുന്ന
തക്ബീറിന്റെ ഈണം,
ഉറക്കമൊഴിച്ച് കാവലിരുന്ന
മൈലാഞ്ചിച്ചോപ്പ്,
ഉടയാതെ കാത്തുവച്ച
കുപ്പിവളക്കിലുക്കം,
ഏറെ കാത്തിരുന്ന് കിട്ടിയ
പുത്തനുടുപ്പിന്റെ നിറം,
എണ്ണ തേച്ചയുടലില്‍
സോപ്പ് പതയുന്ന കുളിര്,
നടുവിലകത്ത് പാത്തുവച്ച
പിഞ്ഞാണ പ്പാത്രങ്ങളുടെ  തിളക്കം,
പെരുന്നാളിനു മാത്രം കിട്ടുന്ന
കോഴിക്കറിയുടെ സ്വാദ്,
കൂട്ടം കൂടിയെത്തുന്ന
വിരുന്നുകാരുടെ ആരവം,
അയല്‍പ്പക്കത്തെ
പാല്‍പ്പായസത്തിന്റെ മധുരം...


എന്നും  പെരുന്നാളായതില്‍പ്പിന്നെ
ഓര്‍മകള്‍ക്ക് പോലുമിപ്പോള്‍
പഴയ നിറവും മണവും മധുരവുമില്ല....