Total Pageviews

Friday, October 19, 2012

മഴപ്പകര്‍ച്ചകള്‍




കുടയില്ലാതിരുന്ന കാലത്ത് 
പുലര്‍ച്ചെ കുളിച്ച് 
വഴിനീളെ നനഞ്ഞ് 
ചെളിവെള്ളം തെറിപ്പിച്ച് 
കീറിയ പുസ്തകത്തിലൂടെ  ഒലിച്ചിറങ്ങി 
ഓലമേഞ്ഞ മേല്‍പ്പുരയിലൂടെ 
ചോര്‍ന്നിറങ്ങി 
ജൂണ്‍  ഒന്നിനുതന്നെ 
ഒന്നാമത്തെ ബഞ്ചി ലിരിപ്പുണ്ടാവും ,
ചിണുങ്ങിക്കൊണ്ട്, മഴ !!

വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ 
ഉപഗ്രഹക്കണ്ണി ലുടക്കി 
ചാനല്‍ പ്രവചനങ്ങ ളില്‍ത്തട്ടി 
ന്യൂന മര്ദങ്ങളില്‍ പ്പെട്ടുലഞ്ഞു 
കൊടുങ്കാട്ടിനെക്കൂട്ടുപിടിച്ച് 
ഇടിയും മിന്നുമായി കൊട്ടിയറിയിച്ച് 
പിന്‍വാതിലിലൂടെ ഒളിഞ്ഞുനോക്കിയും 
കയറിവരാന്‍ മടിച്ചും 
എന്നും നേരം തെറ്റിയെത്തും 
കലിതുള്ളി ക്കൊണ്ട്, മഴ !!

Sunday, October 14, 2012

എഫ് ഡി ഐ

മുറ്റത്തെ മരത്തിലിപ്പോള്‍
പണമൊന്നും കായ്ക്കാറില്ല !

ഇലയും കമ്പുകളും
കിട്ടിയ വിലയ്ക്ക് വിറ്റു
തൊലിയും വേരും
സായിപ്പിന് തീരെഴുതിക്കൊടുത്തു
ഉള്ള കാതലൊക്കെയും
മുതലാളിമാര്‍ ചൂഴ്ന്നെടുത്തു
ചുവട്ടിലെ മണ്ണ്
കൂടെയുള്ളവര്‍ വീതംവെച്ചു
ബാക്കിയുള്ള വിത്തുകള്‍ക്ക്
ആരോ പാറ്റെന്റെടുത്തു

ഒരു ശിഖരമെങ്കിലും
ബാക്കിവെക്കാമായിരുന്നു
കടം വാങ്ങിയെങ്കിലുമൊരു
കയറുകെട്ടാന്‍,
ഒരു പലകയെങ്കിലും
ബാക്കിവെക്കാമായിരുന്നു
ചിതലരിച്ച ശവപ്പെട്ടിക്കൊരു
മൂടിവെക്കാന്‍
ഒരു കൊള്ളിയെങ്കിലും
ബാക്കിവെക്കാമായിരുന്നു
അശോക ചക്രം പുതപ്പിച്ച
ചിതയ്ക്ക് തീ കൊളുത്താന്‍......!...