Total Pageviews

Tuesday, January 30, 2024

തിരിച്ചറിയൽ കാർഡ്

നിങ്ങൾക്ക് പാസ്പോർട്ടുണ്ടോ? ഇല്ല. തിരിച്ചറിയൽ കാർഡ്? അതുമില്ല. അപ്പോൾപ്പിന്നെ എങ്ങനെയാണ് നിന്റെ ജനതയെ തിരിച്ചറിയുന്നത്? ഖബറുകളിൽ കൊത്തിവെക്കുന്ന പേരുകളിൽ നിന്ന്.

Friday, August 25, 2023

ഭാഷാ നിരോധനം

 ഭാഷാ നിരോധനം

******************
റഹീം പൊന്നാട്
***
അങ്ങനെയിരിക്കെ
ഒരു പാതിരാത്രിയിൽ
അവർ ഭാഷ നിരോധിച്ചു.
ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ
തപാലാപ്പീസിൽക്കൊടുത്താൽ
പഴയ ഭാഷ മാറിക്കിട്ടും.
ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു.
എങ്ങും മൗനം മാത്രം.
അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു,
പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.
അമ്പലത്തിലെ പാട്ടു നിന്നു,
പള്ളിയിലെ ബാങ്കും.
റേഡിയോയിൽ വീണവായന മാത്രം,
ടെലിവിഷനിൽ ആംഗ്യ വായനയും.
പത്രത്തിനു പകരം രാവിലെ
എട്ടു ഷീറ്റ് വെള്ളക്കടലാസു കിട്ടി.
കീബോർഡുകളെല്ലാം നിശ്ചലം,
മൊബൈൽ സ്‌ക്രീനിൽ ചിഹ്നങ്ങൾ മാത്രം.
തപാലാപ്പീസിലെ ക്യൂവിൽ ആരുമൊന്നും മിണ്ടിയില്ല.
ഒരാൾക്ക് ഒരുദിനം രണ്ടു വാക്കുകൾ മാത്രമേ നൽകൂവത്രെ!
ചിലർ ചാക്കുകണക്കിന് വാക്കുകൾ കൊണ്ടുവന്നിട്ടുണ്ട്.
വാക്കുകൾ നിറച്ച ബാഗും ചോറ്റുപാത്രവുമായി കുട്ടികളുമുണ്ട്.
അമ്മയെക്കൊടുത്തവർക്ക് 'മാം' കിട്ടി,
അച്ഛനെക്കൊടുത്തവർക്ക് 'ബാപും'
ചോക്ലേറ്റും ഗെയിമും മാറ്റാൻ വരിനിന്ന കുട്ടികളെ
കൗണ്ടറിൽ നിന്ന് മടക്കിയയച്ചു,
മലയാളം മാത്രമേ മാറ്റി നൽകുകയുള്ളത്രെ!
പകരം വാക്കുകളില്ലാത്തതിനാൽ
ബേജാറും എടങ്ങേറും മാറ്റിക്കിട്ടിയില്ല.
കത്തി മാറ്റാനെത്തിയവനെ ജനം ഓടിച്ചു വിട്ടു
കഞ്ചാവ് മാറ്റാനെത്തിയവനെ പോലീസു പിടിച്ചു.
വരിനിന്നു വാടിയ വൃദ്ധൻ തളർന്നുവീണു,
'വെള്ളം' ചോദിച്ച വായിലേക്ക് വെടിയുണ്ട പാഞ്ഞു.
കാഴ്‌ചകളൊക്കെക്കണ്ടു വീട്ടിലെത്തിയപ്പോൾ
മുറ്റത്ത് വാക്കുകളുടെ കൂമ്പാരം,
മാറ്റിവാങ്ങാനായി വീട്ടുകാർ പുറത്തെടുത്തിട്ടതാണ്.
പഴയതും പുതിയതും, ലിപികളില്ലാത്തതും.
തലയണയ്ക്കുള്ളിൽ നിന്ന് ഉപ്പ വലിച്ചെടുത്ത വാക്കുകൾ
എനിക്ക് മനസിലായതേയില്ല
ഉമ്മയുടെ കോന്തല നിറയെ
ഞാൻ കേട്ടിട്ടില്ലാത്ത വാക്കുകൾ.
ഇത്രമേൽ വാക്കുകൾക്കിടയിലാണ് അവൾ വെന്തിരുന്നതെന്ന്
അടുക്കളയിലേക്ക് ഭാര്യ പിടിച്ചുവലിച്ചപ്പോഴാണറിയുന്നത്!
മകളുടെ ബാഗ് നിറയെ ഗൃഹപാഠം ചെയ്യാനുള്ള വാക്കുകൾ,
മകന്റെ പെട്ടിയിൽ അക്ഷരങ്ങൾ സ്ഥാനം തെറ്റിയ കളിവാക്കുകൾ...
രണ്ടെണ്ണമേ മാറ്റിക്കിട്ടൂവെന്ന് അവരോടെങ്ങനെ പറയും?
വാക്കുകളുടെ കൂമ്പാരത്തിൽ ഞാനേറെ നേരം തെരഞ്ഞു.
ഒടുക്കം ഓരോ കയ്യിലും ഭാരമുള്ളതെന്തോ തടഞ്ഞു,
സർവശക്തിയുമെടുത്ത് ഞാനവയെ വലിച്ചു പുറത്തെടുത്തു;
"ജനാധിപത്യം", "നാനാത്വം".
ഓടിക്കിതച്ച് തപാലാപ്പീസിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.
എന്റെ കൈകളിലേക്ക് ഒന്നേ നോക്കിയുള്ളൂ,
കൗണ്ടറിലുള്ളയാൾ ഞെട്ടിയെണീറ്റു.
എന്റെ കൈകളിൽ നിന്ന് വാക്കുകൾ നിലത്തുവീണു.
ആരൊക്കെയോ ഓടിക്കൂടി
ചുറ്റും ബൂട്ട്സിന്റെ ശബ്ദങ്ങൾ
"കൊല്ലവനെ", "രാജ്യദ്രോഹി"
ബോധം മറഞ്ഞുപോകുന്നതിനിടയിലും
പകരമായിക്കിട്ടിയ രണ്ടുവാക്കുകൾ
ഭയത്തോടെ ഞാൻ കേട്ടു.

Thursday, April 30, 2020

അതിജീവനാക്ഷരങ്ങൾ

അതിജീവനാക്ഷരങ്ങൾ - കൊറോണാ കാലത്തെ പുസ്തകം ഡൗൺലോഡ് ചെയ്യാൻ  താഴെ ലിങ്കിൽ പോവുക.
https://drive.google.com/file/d/1npvwWpPRJu2IvSaXAQo50Cf09qtWsHXj/view?usp=sharing

Monday, February 3, 2020

പൗരത്വം

പൗരത്വത്തിനു വേണ്ടിയുള്ള വരിയിൽ
അദ്ദേഹം താണു വണങ്ങി നിന്നു.
പേര്?
'അഹിംസ'
രാജ്യം?
'സ്വരാജ്'
മതം?
'സ്നേഹം'
ജാതി?
'മനുഷ്യൻ'
പ്രായം?
'രാജ്യത്തിന്റെ അതേ പ്രായം'
എന്താണ് രേഖകളുള്ളത്?
വടി
കണ്ണട
ഖദർ
ചർക്ക...
ഒന്നൊന്നായി അവർ പരിശോധിച്ചു
ഇതൊന്നും പറ്റില്ല.
വേറെന്തെങ്കിലും..?
നെഞ്ചിലെ മൂന്ന് തുളകൾ കാണിച്ചു.
"ദേശദ്രോഹി"!
"കടന്നു പോകൂ"
കൗണ്ടറിലിരുന്നയാൾ അലറി.

അടുത്തയാൾ വന്നു
മൂന്നു വെടിയുണ്ടകൾ മേശപ്പുറത്ത് വച്ചു.
ചോദ്യങ്ങളൊന്നുമുണ്ടായില്ല.
"കയറിയിരിക്കൂ"
കൗണ്ടറിലിരുന്നയാൾ കൈ കൂപ്പി.

Wednesday, November 28, 2018

മതിലുകൾ

അന്നൊരിക്കൽ
രാവിലെ, കുഞ്ഞാമിനയുടെ വീട്ടിൽ
രണ്ടു വിരുന്നുകാർ വന്നു.
ജാനകിച്ചേച്ചിയുടെ വീട്ടിൽ നിന്ന്
നാലു മുട്ടയും ഉരി,യാട്ടിൻ പാലും
അടുക്കള വാതിലിലൂടെ കയറിവന്നു.

ഉച്ചയ്ക്ക്, ജാനകിയുടെ മരുമോൻ
മുന്നറിയിപ്പില്ലാതെ ഉണ്ണാൻ വന്നു.
ജോസപ്പേട്ടന്റെ വീട്ടിൽ നിന്ന്
ഒരു സ്പൂണ് മുളകും ഒരു കയിലെണ്ണയും
വേലിപ്പഴുതിലൂടെ നൂണ്ടു വന്നു.

സന്ധ്യക്ക്, ജോസപ്പേട്ടന്റെ മകളെ
ആരോ പെണ്ണുകാണാൻ വന്നു.
കുഞ്ഞാമിനയുടെ വീട്ടിൽ നിന്ന്
പളുങ്കു പാത്രങ്ങളും ഓട്ടുകിണ്ടിയും
തട്ടത്തിനുള്ളിൽ ഒളിച്ചുകടന്നു.

ഇന്നിപ്പോൾ
വരുന്നതും പോകുന്നതും ആരും കാണാറേയില്ല.
ചിലനേരങ്ങളിൽ, ഗെയ്റ്റിനു മുന്നിൽ നിന്ന്
ഹോം ഡെലിവറി വാനുകളുടെ
ഹോണടി മാത്രം മതിലുകടന്നു വരും!

***റഹീം പൊന്നാട്***

Tuesday, April 24, 2018

മതിലു ചാടി വരുന്ന ഓർമകൾ


രണ്ടാളുയരത്തിൽ മതിലു കെട്ടിയതിൽപ്പിന്നെ
ഇപ്പോൾ വീട്ടിലേക്കാരും വരാറില്ല.
എന്നാലും ക്യാമറക്കണ്ണുകൾ വെട്ടിച്ച്
മതിലുചാടി വരും, ഇടയ്ക്കിടയ്ക്ക് ഓർമകൾ.

പച്ച ഷാൾ പുതച്ച്, അറബന മുട്ടി
താടി ചുവപ്പിച്ച അജ്‌മീർ ഫഖീർ
സോപ്പ്, ചീപ്പ്, കണ്ണാടിയെന്നു പറഞ്ഞ്
കുപ്പിവളകിലുക്കുന്ന കഷണ്ടിക്കാരൻ
ഏതെടുത്താലും ആറുരൂപയെന്ന്
നീട്ടിവിളിക്കുന്ന സ്റ്റീൽ പാത്രക്കാരൻ
മുളങ്കുട്ടയിലെ മണ്പാത്രങ്ങൾക്കൊപ്പം
വെയിലുകൊണ്ട് ചുവന്ന കുശവൻ
ഭാവി പറയുന്ന കുറത്തി, തോളിലെ കൂട്ടിൽ
വർത്തമാനം പറയുന്ന തത്ത
ആടെട, ചാടെട, കുത്തിമറിയെടാ
ചാടിക്കളിക്കുന്ന കുഞ്ചിരാമൻ
കിനാക്കളൊക്കെയും വെള്ളപ്പൊക്കത്തിൽപ്പോയ
ബംഗാളിപെണ്ണുങ്ങൾ, കുട്ടികൾ
അമ്മി കൊത്താനുണ്ടോ, ഉരലു കൊത്താനുണ്ടോ
പൊക്കണം തൂക്കിയ അണ്ണാച്ചിപെണ്ണുങ്ങൾ...

നാളെയാവട്ടെ, ഓർമകളെയൊക്കെ
പിടിച്ചു പുറത്താക്കി വാതിലടക്കണം,
ഗെയ്റ്റിലൊരു ബോർഡു തൂക്കണം
"അനുവാദം കൂടാതെ അകത്തു കടക്കരുത്"

***റഹീം പൊന്നാട്***

Monday, April 24, 2017

ജനറേഷന്‍


നാരങ്ങാ മുട്ടായി
പഞ്ചാര മുട്ടായി
പുളിയച്ചാര്‍
പാലൈസ്...
കളിപ്പീടികയില്‍
കറങ്ങിനടക്കുന്നു,
ഓര്‍മകള്‍..!
ഫെയ്സ്ബുക്ക്
വാട്സാപ്പ്
കാര്‍ട്ടൂണ്‍
ഗെയിംസ്...
പ്ലേ സ്റ്റോറില്‍
കറങ്ങിനടക്കുന്നു,
മകള്‍..!!