നല്ല കാഴ്ചയുള്ള കണ്ണുകള്‍ക്ക്
നന്നായി പ്രവര്‍ത്തിക്കുന്ന
ഒരു ജോഡി കണ്‍പോളകള്‍ വേണം.
പ്രലോഭനങ്ങളില്‍പ്പെട്ട്
അടയാതിരിക്കരുത്
അമ്മയെ കൊല്ലുന്നിടത്ത്
കാഴ്ചക്കാരനാവരുത്
പെങ്ങളെ ബലാല്‍സംഗം ചെയ്യുന്നത്
നോക്കി നില്‍ക്കരുത്
അപകടത്തില്‍പ്പെടുന്ന അനിയനെ
ക്യാമറയിലാക്കാന്‍ കൂട്ടുനില്‍ക്കരുത്
അന്യന്‍റെ കുളിപ്പുരക്ക് മുന്നില്‍
പതുങ്ങിപ്പോവരുത്
പണത്തിനു മുന്നില്‍
മിഴിച്ചു പോകരുത്
അനീതിയുമധര്‍മ്മവും
കണ്ടില്ലെന്നു നടിക്കരുത്
ഞാനീ നാട്ടുകാരനേയല്ലെന്ന മട്ടില്‍
കടന്നുകളയരുത്.
കുറച്ചു നാളത്തേക്ക്
വാടകയ്ക്കായാലും മതി;
കലികാല കാഴ്ചകള്‍ കണ്ടെന്റെ
കണ്ണുകള്‍ പൊട്ടിപ്പോകും വരെ...