Total Pageviews

Saturday, September 27, 2014

ടൈക്കു കവിതകള്‍



ടാഗ്
------------------
സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍
അയല്‍ക്കാരന്റെ പറമ്പിലേക്കെറിയുന്നത്
വല്ലാത്തൊരാനന്ദമാണ് .

കമന്റ്
------------------
ചുമരില്‍ അവള്‍ കോറിയിട്ട
ചിത്രത്തിന് താഴെ ഒരു കമന്റിട്ടതിനാണ്
പണ്ട് ടീച്ചര്‍ പിടിച്ചു പുറത്താക്കിയത്
വാളില്‍ അവള്‍ പോസ്റ്റിയിട്ട
ചിത്രത്തിനു താഴെ ഒരു കമന്റിട്ടതിനാണ്
ഇന്ന് പോലീസ് പിടിച്ചു അകത്താക്കിയത്

വൈഫൈ
------------------
ജാലകപ്പഴുതിലൂടെ അവളുടെ ഹൃദയം
എന്നും എന്റെ മുറിയോളം വരും,
ഒരിക്കലും തുറക്കാത്ത പാസ്സ്‌വേര്‍ഡ്‌ കാട്ടി
കൊതിപ്പിച്ച് എന്റെ ഉറക്കം കെടുത്തും.

ഗൂഗിള്‍
-------------
നഷ്ടപെട്ട മേല്‍വിലാസം തേടിയാണ്
ഞാന്‍ ഗൂഗിളില്‍ തിരഞ്ഞത്
ഇപ്പോള്‍ എന്നെ തന്നെ
കാണാതായിരിക്കുന്നു.

ട്വീറ്റ്
--------------------
ടെസ്റ്റില്‍ അക്ഷരങ്ങള്‍ക്ക്
പിശുക്കാണെന്നായിരുന്നു
ടീച്ചറിനെപ്പോഴും പരാതി
ട്വീറ്റില്‍ അക്ഷരങ്ങള്‍
കൂടുതലാണെന്നാണ്
ട്വിറ്ററിനെപ്പോഴും പരാതി

Monday, March 10, 2014

ശ്രേഷ്ഠ മലയാളം

സെക്കന്റ്‌ ബെല്ലടിച്ച്‌...
പ്രെയറും കഴിഞ്ഞ്‌
അറ്റന്റൻസ്‌ രജിസ്റ്ററും
ചോക്കും ഡസ്റ്ററുമായി
ഗുഡ്‌ മോർണിംഗ്‌ പറഞ്ഞ്‌
കയറി വന്നു,മലയാളം റ്റീച്ചർ.

ലേറ്റ്‌ കമേഴ്സിനെ
ഗറ്റൗട്ടടിച്ചും
ഹോംവർക്ക്‌ ചെയ്യാത്തവർക്ക്‌
ഇമ്പോസിഷൻ കൊടുത്തും
ഫസ്റ്റ്‌ ബെഞ്ചുകാരോട്‌
ചില ക്വസ്റ്റ്യൻ ചോദിച്ചും
ലാസ്റ്റ്‌ ബെഞ്ചിലേക്കു നോക്കി
ഇടയ്ക്കിടെ സൈലൻസ്‌ പ്ളീസ് പറഞ്ഞും
എത്ര ഫാസ്റ്റായിട്ടാണു
ഫസ്റ്റ്‌ പിരീഡ്‌ തീർന്നത്‌.

വാട്ട്‌ എ പിറ്റി!
ചങ്ങമ്പുഴയുടെ പോയം
ഇന്നും സ്റ്റാർട്ട്‌ ചെയ്യാൻ പറ്റിയില്ല.

സോറി...
ലെറ്റസ്‌ സ്റ്റാർട്ട്‌ ടുമോറോ...

താങ്ക്‌ യൂ മാം...

Saturday, January 11, 2014

തിരുപ്പിറവി



റബീഇന്‍റെ പൊന്‍പുലരിയില്‍
സ്വര്‍ഗവാതിലുകളൊക്കെയും
മക്കയിലേക്ക് തുറന്നുവച്ചു.
ചക്രവാളത്തിലെത്തിങ്കള്‍
സൂര്യനായ് ജ്വലിച്ചുനിന്നു
വിണ്ണിലെത്താരകങ്ങള്‍
മണ്ണിലേക്കിറങ്ങി വന്നു.
സ്വര്‍ഗ സുന്ദരികള്‍
മധുരഗീതം പൊഴിച്ചു.
വര്‍ണച്ചിറകുകള്‍ വീശി
മാലാഖമാര്‍ കുളിരുപെയ്യിച്ചു.
വെള്ളപ്പട്ടു നിവര്‍ത്തി
വാനില്‍ കുടപിടിച്ചു.
മുത്തുച്ചിറകുകള്‍  വിടര്‍ത്തി
സ്വര്‍ഗപ്പക്ഷികള്‍ വട്ടമിട്ടു.
പനിനീര്‍പ്പൂക്കള്‍
മണ്ണില്‍ പരവതാനി വിരിച്ചു.
വെണ്‍ പിറാവുകള്‍
സ്തുതിഗീതങ്ങള്‍ പാടി.
ഏഴാകാശങ്ങള്‍ക്കപ്പുറത്തേക്ക്
സ്വര്‍ഗ സുഗന്ധം പരന്നു.
അന്ധകാരത്തിന്റെ മരുക്കടലിനുമേല്‍
പുതുസൂര്യന്‍ പിറകൊണ്ടു.