Total Pageviews

Thursday, June 20, 2013

ഒരു മഴത്തുള്ളിയുടെ ഓര്‍മക്കുറിപ്പുകള്‍

കോണ്‍ക്രീറ്റ്  മേല്‍പ്പുരകളിലും
ഇന്റര്‍ലോക്കിട്ട മുറ്റത്തും
തലതല്ലി വീഴുംബോഴോര്‍ത്തു പോവും
പെയ്തു തീര്‍ന്നുപോയ ഇന്നലെകളെ.

പ്രതീക്ഷകളുടെ ഗന്ധം പരത്തി
പുതുമണ്ണിലെക്കാഴ്ന്നിറങ്ങിയത്,
ഊര്‍ച്ചകഴിഞ്ഞ് തെളിഞ്ഞ പാടത്ത്
പരല്‍മീനുകളോടൊപ്പം തുള്ളിത്തിമര്‍ത്തത്,
കുളിര്‍ കാറ്റിലാടുന്ന
തെങ്ങോലത്തുമ്പിലൂഞ്ഞാലാടിയത്,
ഇടവഴിയിലെ ചേമ്പിലകളില്‍
തുള്ളിത്തുളുംബിയത്
പുല്‍ നാമ്പുകളില്‍ തൂങ്ങിക്കിടന്ന്
ഇളവെയിലില്‍ വെട്ടിത്തിളങ്ങിയത്
വയലിലെ കര്‍ഷകന്‍റെ
വിയര്‍പ്പിനോടൊപ്പം ഒലിച്ചിറങ്ങിയത്
പുഴക്കരയിലെ പെണ്‍കുട്ടിയുടെ
മുടിയിലൂടെയൂര്‍ന്നിറങ്ങിയത്
പിന്നെ, കത്തിയെരിഞ്ഞ വേനലില്‍
പ്രാര്‍ഥനകളുമായിക്കഴിഞ്ഞ നിങ്ങളുടെ
കരളിലേക്ക് കുളിരായി പെയ്തത്.....

Saturday, June 1, 2013

മഴപ്പകര്‍ച്ചകള്‍

കുടയില്ലാതിരുന്ന കാലത്ത്
പുലര്‍ച്ചെ കുളിച്ച്,
വഴിനീളെ നനഞ്ഞ്
ചെളിവെള്ളം തെറിപ്പിച്ച്
കീറിയ പുസ്തകത്തിലൂടെ ഒലിച്ചിറങ്ങി
ഓല മേഞ്ഞ മേല്‍പ്പുരയിലൂടെ
ചോര്‍ന്നിറങ്ങി
ജൂണ്‍ ഒന്നിനുതന്നെ
ഒന്നാമത്തെ ബഞ്ചിലിരിപ്പുണ്ടാവും
ചിണുങ്ങിക്കൊണ്ട്, മഴ!


വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ
ഉപഗ്രഹക്കണ്ണുകളിലുടക്കി,
ചാനല്‍ പ്രവചനങ്ങളില്‍ത്തട്ടി
ന്യൂന മര്‍ദ്ദങ്ങളില്‍പ്പെട്ടുലഞ്ഞ്
കൊടുങ്കാറ്റിനെ കൂട്ടുപിടിച്ച്
ഇടിയും മിന്നലുമായി കൊട്ടിയറിയിച്ച്,
പിന്‍വാതിലിലൂടെ ഒളിഞ്ഞു നോക്കിയും
കയറിവരാന്‍ മടിച്ചും
എന്നും നേരം തെറ്റിയെത്തും
കലിതുള്ളിക്കൊണ്ട്, മഴ!