Total Pageviews

Thursday, March 29, 2012

മാന്ദ്യം

ടി വി യിലെ
ഓഹരിക്കണക്ക് കേട്ട്
ബോധമറ്റു വീണതാണച്ഛന്‍ .
സ്വര്‍ണ വില കേട്ടതില്പ്പിന്നെ
സീരിയലൊന്നും കണ്ടില്ല,
അമ്മ.

നൂഡില്സിനു   പകരം
കഞ്ഞിയായതാണ്
മുത്തച്ചന് പരാതി.

ബെന്‍സ് വിറ്റും
നാനോ വാങ്ങണമെന്ന്
മുത്തശ്ശി മൊഴി.


ഗള്‍ഫീന്നയച്ച ഡ്രാഫ്റ്റിനു
കനം പോരെന്ന്
എട്ടത്തിക്ക്  പരിഭവം.

ബാങ്ക് ബാലന്‍സ്
കുറഞ്ഞതിനാണ് 
അനിയന്‍ പിണങ്ങിയത്.

ദോഷം പറയരുതല്ലോ 
മന്ദ്യമായതില്‍പ്പിന്നെയാണ് 
വിശപ്പിന്റെ  എരിവും 
വിയര്‍പ്പിന്റെ പുളിയും 
വിരുന്നിന്റെ മധുരവുമൊക്കെ 
ഞാനുമറിഞ്ഞു തുടങ്ങിയത്...












  

Sunday, March 11, 2012

വീടുവിട്ടു പോയവര്‍

ഒരു മഴക്കാലത്ത്
അമ്മയോടൊപ്പം കുളിക്കാനിറങ്ങിയതാണ്
കറപിടിച്ച ഓട്ടുകിണ്ടി ,
പിന്നീടൊരിക്കലും തിരിച്ചു വന്നില്ല 


അലക്കുയന്ത്രത്തിന്റെ അലര്‍ച്ച 
സഹിക്കതയപ്പോഴാണ്
അലക്ക് കല്ല്‌
ഇടവഴിയിലൂടെ ഉരുണ്ടു പോയത്

കുതിര ശക്തിയുമായി വന്ന പംബുസെറ്റ്
വെള്ളം കുടിച്ചു വറ്റിച്ചപ്പോഴാണ്
കപ്പിയും കയറും
കിണറ്റിലേക്ക് ചാടിയത്


ചുമരിന്റെ മൂലയിലെല്ലാം 
ടാപ്പുവന്നതില്‍പ്പിന്നെയാണ്‌
ഇറയത്തുനിന്ന വിടാവ്
ദാഹിച്ചു മരിച്ചത്

ചുമരിലെ വൈദ്യുത വിളക്കിന്റെ
അഹങ്കാരം സഹിക്കാഞ്ഞാണ്
കരിപിടിച്ച ചില്ലുവിളക്ക്
സ്വയം വീണുടഞ്ഞത്


തൂക്കിലെ തൈര്
പയ്ക്കറ്റില്‍ ക്കയറി
ഫ്രിഡ്ജിലൊളിച്ചതിന്റെ ചൊടിയിലാണ്
ഉറി, നിന്ന നില്പില്‍ കെട്ടിതൂങ്ങിയത്

നിറപ്പകിട്ടുള്ലോരു സ്റ്റാന്റ്
അടുക്കളയില്‍ പാര്‍പ്പായതില്പ്പിന്നെയാണ്
കയിലാറ്റ, കെട്ടഴിഞ്ഞു വീണ്
അടുപ്പില്‍ ചാരമായത്

നടുവിലകത്തെ ഇരുട്ടില്‍
പുരനിറഞ്ഞു നിന്നപ്പോഴാണ്
പറയും ഇടങ്ങഴിയും
ആക്രിക്കാരന്റെ കൂടെ ഇറങ്ങിപ്പോയത്

തട്ടിയും മുട്ടിയും കഴിഞ്ഞതാണ്
ചട്ടിയും കലവും
സ്റ്റീല്‍ പാത്രങ്ങളുടെ തിളക്കം കണ്ടാണ്‌
അവര്‍ മണ്ണിലേക്ക് തന്നെ മടങ്ങിയത്

അമ്മിയുമുരലും മാത്രം
പരാതിയൊന്നും പറയാതെ
വേദനകള ഴവിറക്കിക്കഴിയുന്നുണ്ട്
വിറകുപുരയുടെ മൂലയിലിപ്പോഴും....