Total Pageviews

Monday, March 10, 2014

ശ്രേഷ്ഠ മലയാളം

സെക്കന്റ്‌ ബെല്ലടിച്ച്‌...
പ്രെയറും കഴിഞ്ഞ്‌
അറ്റന്റൻസ്‌ രജിസ്റ്ററും
ചോക്കും ഡസ്റ്ററുമായി
ഗുഡ്‌ മോർണിംഗ്‌ പറഞ്ഞ്‌
കയറി വന്നു,മലയാളം റ്റീച്ചർ.

ലേറ്റ്‌ കമേഴ്സിനെ
ഗറ്റൗട്ടടിച്ചും
ഹോംവർക്ക്‌ ചെയ്യാത്തവർക്ക്‌
ഇമ്പോസിഷൻ കൊടുത്തും
ഫസ്റ്റ്‌ ബെഞ്ചുകാരോട്‌
ചില ക്വസ്റ്റ്യൻ ചോദിച്ചും
ലാസ്റ്റ്‌ ബെഞ്ചിലേക്കു നോക്കി
ഇടയ്ക്കിടെ സൈലൻസ്‌ പ്ളീസ് പറഞ്ഞും
എത്ര ഫാസ്റ്റായിട്ടാണു
ഫസ്റ്റ്‌ പിരീഡ്‌ തീർന്നത്‌.

വാട്ട്‌ എ പിറ്റി!
ചങ്ങമ്പുഴയുടെ പോയം
ഇന്നും സ്റ്റാർട്ട്‌ ചെയ്യാൻ പറ്റിയില്ല.

സോറി...
ലെറ്റസ്‌ സ്റ്റാർട്ട്‌ ടുമോറോ...

താങ്ക്‌ യൂ മാം...

Saturday, January 11, 2014

തിരുപ്പിറവി



റബീഇന്‍റെ പൊന്‍പുലരിയില്‍
സ്വര്‍ഗവാതിലുകളൊക്കെയും
മക്കയിലേക്ക് തുറന്നുവച്ചു.
ചക്രവാളത്തിലെത്തിങ്കള്‍
സൂര്യനായ് ജ്വലിച്ചുനിന്നു
വിണ്ണിലെത്താരകങ്ങള്‍
മണ്ണിലേക്കിറങ്ങി വന്നു.
സ്വര്‍ഗ സുന്ദരികള്‍
മധുരഗീതം പൊഴിച്ചു.
വര്‍ണച്ചിറകുകള്‍ വീശി
മാലാഖമാര്‍ കുളിരുപെയ്യിച്ചു.
വെള്ളപ്പട്ടു നിവര്‍ത്തി
വാനില്‍ കുടപിടിച്ചു.
മുത്തുച്ചിറകുകള്‍  വിടര്‍ത്തി
സ്വര്‍ഗപ്പക്ഷികള്‍ വട്ടമിട്ടു.
പനിനീര്‍പ്പൂക്കള്‍
മണ്ണില്‍ പരവതാനി വിരിച്ചു.
വെണ്‍ പിറാവുകള്‍
സ്തുതിഗീതങ്ങള്‍ പാടി.
ഏഴാകാശങ്ങള്‍ക്കപ്പുറത്തേക്ക്
സ്വര്‍ഗ സുഗന്ധം പരന്നു.
അന്ധകാരത്തിന്റെ മരുക്കടലിനുമേല്‍
പുതുസൂര്യന്‍ പിറകൊണ്ടു.

Thursday, December 19, 2013

മൗനം/പ്രണയം

മൗനവാതില്‍ കൊണ്ടു ഞാനെന്‍റെ
പ്രണയത്തെയടച്ചുവച്ചു.
പ്രണയ വാതില്‍ തുറന്നു നീയെന്‍റെ
മൗനത്തെ അഴിച്ചുവിട്ടു...

Thursday, December 5, 2013

കുറ്റിയും കൊളുത്തും

ചേര്‍ന്നിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും പിരിയില്ലെന്ന്
പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്...

Tuesday, October 1, 2013

ഗാന്ധി


ഉപ്പ് കുറുക്കിയും 
ഉപവാസം കിടന്നും 
വെള്ളക്കാരെ തുരത്തിയും
തീര്‍ന്നു പോയി 
പാവം ഗാന്ധി 

കള്ളു കുടിച്ചും 
കൈക്കൂലി വാങ്ങിയും 
വെള്ളക്കാരികളെ തിരഞ്ഞും 
തീര്‍ന്നു പോയി 
കീശയിലെ ഗാന്ധി

Saturday, September 14, 2013

ഡോളറു കാലത്തെ ഓണം

മല്ലിക്കും ജമന്തിക്കും 
ഡോളറിലാണത്രെ വില.
തെച്ചിക്കും  തുമ്പയ്ക്കും 
യൂറോയിലും !
മാവേലിക്കു മുന്നിലെ ക്യൂ 
മാർക്കറ്റോളം നീണ്ടു  കിടക്കുന്നു 
ലോണെടുത്തും ഓണമുണ്ണണമെന്ന്  
പുതുമൊഴി.

ഒന്നും വാങ്ങാതെ 
തിരിച്ചു നടന്നു 
മടിക്കുത്ത് കഴിച്ച് 
നിലത്ത് കുടഞ്ഞിട്ടു.
നോട്ടുകളെടുത്ത്
മകൾ പൂക്കളമിട്ടു 
നാണയങ്ങളെടുത്ത്
അമ്മ പായസവും വച്ചു.!