Total Pageviews

Wednesday, May 16, 2012

വ്യത്യാസം


മരണവും 
പ്രണയവും തമ്മില്‍ 
ഒന്നേയുള്ളൂ വ്യത്യാസം.

മരിച്ചാല്‍ 
നീയും ഞാനും 
ഒറ്റക്കാണ് 
പ്രണയിച്ചാല്‍ 
പിന്നെയീ ഭൂമിയില്‍ 
നമ്മ ളൊറ്റക്കും..!!!

Thursday, March 29, 2012

മാന്ദ്യം

ടി വി യിലെ
ഓഹരിക്കണക്ക് കേട്ട്
ബോധമറ്റു വീണതാണച്ഛന്‍ .
സ്വര്‍ണ വില കേട്ടതില്പ്പിന്നെ
സീരിയലൊന്നും കണ്ടില്ല,
അമ്മ.

നൂഡില്സിനു   പകരം
കഞ്ഞിയായതാണ്
മുത്തച്ചന് പരാതി.

ബെന്‍സ് വിറ്റും
നാനോ വാങ്ങണമെന്ന്
മുത്തശ്ശി മൊഴി.


ഗള്‍ഫീന്നയച്ച ഡ്രാഫ്റ്റിനു
കനം പോരെന്ന്
എട്ടത്തിക്ക്  പരിഭവം.

ബാങ്ക് ബാലന്‍സ്
കുറഞ്ഞതിനാണ് 
അനിയന്‍ പിണങ്ങിയത്.

ദോഷം പറയരുതല്ലോ 
മന്ദ്യമായതില്‍പ്പിന്നെയാണ് 
വിശപ്പിന്റെ  എരിവും 
വിയര്‍പ്പിന്റെ പുളിയും 
വിരുന്നിന്റെ മധുരവുമൊക്കെ 
ഞാനുമറിഞ്ഞു തുടങ്ങിയത്...












  

Sunday, March 11, 2012

വീടുവിട്ടു പോയവര്‍

ഒരു മഴക്കാലത്ത്
അമ്മയോടൊപ്പം കുളിക്കാനിറങ്ങിയതാണ്
കറപിടിച്ച ഓട്ടുകിണ്ടി ,
പിന്നീടൊരിക്കലും തിരിച്ചു വന്നില്ല 


അലക്കുയന്ത്രത്തിന്റെ അലര്‍ച്ച 
സഹിക്കതയപ്പോഴാണ്
അലക്ക് കല്ല്‌
ഇടവഴിയിലൂടെ ഉരുണ്ടു പോയത്

കുതിര ശക്തിയുമായി വന്ന പംബുസെറ്റ്
വെള്ളം കുടിച്ചു വറ്റിച്ചപ്പോഴാണ്
കപ്പിയും കയറും
കിണറ്റിലേക്ക് ചാടിയത്


ചുമരിന്റെ മൂലയിലെല്ലാം 
ടാപ്പുവന്നതില്‍പ്പിന്നെയാണ്‌
ഇറയത്തുനിന്ന വിടാവ്
ദാഹിച്ചു മരിച്ചത്

ചുമരിലെ വൈദ്യുത വിളക്കിന്റെ
അഹങ്കാരം സഹിക്കാഞ്ഞാണ്
കരിപിടിച്ച ചില്ലുവിളക്ക്
സ്വയം വീണുടഞ്ഞത്


തൂക്കിലെ തൈര്
പയ്ക്കറ്റില്‍ ക്കയറി
ഫ്രിഡ്ജിലൊളിച്ചതിന്റെ ചൊടിയിലാണ്
ഉറി, നിന്ന നില്പില്‍ കെട്ടിതൂങ്ങിയത്

നിറപ്പകിട്ടുള്ലോരു സ്റ്റാന്റ്
അടുക്കളയില്‍ പാര്‍പ്പായതില്പ്പിന്നെയാണ്
കയിലാറ്റ, കെട്ടഴിഞ്ഞു വീണ്
അടുപ്പില്‍ ചാരമായത്

നടുവിലകത്തെ ഇരുട്ടില്‍
പുരനിറഞ്ഞു നിന്നപ്പോഴാണ്
പറയും ഇടങ്ങഴിയും
ആക്രിക്കാരന്റെ കൂടെ ഇറങ്ങിപ്പോയത്

തട്ടിയും മുട്ടിയും കഴിഞ്ഞതാണ്
ചട്ടിയും കലവും
സ്റ്റീല്‍ പാത്രങ്ങളുടെ തിളക്കം കണ്ടാണ്‌
അവര്‍ മണ്ണിലേക്ക് തന്നെ മടങ്ങിയത്

അമ്മിയുമുരലും മാത്രം
പരാതിയൊന്നും പറയാതെ
വേദനകള ഴവിറക്കിക്കഴിയുന്നുണ്ട്
വിറകുപുരയുടെ മൂലയിലിപ്പോഴും....     

Tuesday, January 24, 2012

കാത്തിരിപ്പാണ് ഞാന്‍, നിന്നെ-
കാത്തു കാത്തിരുന്നോരാ കറുത്ത-
കാലം മഞ്ഞു പോകുവാനോ-
ര്‍മകളില്‍  നിന്നെന്നെക്കുമായ്....

Friday, October 28, 2011

നീയെന്ന കനല്‍

നീയൊരു നിലാവായപ്പോഴാണ് 
ഞാനൊരു നിഴലായ് 
പിന്തുടര്‍ന്നത് 

നീയൊരു മഴയായപ്പോഴാണ്
ഞാനൊരു തുള്ളിയായി 
പെയ്തിറങ്ങിയത്

നീയൊരു കാറ്റായപ്പോഴാണ്
ഞാനൊരു ചെടിയായി 
പുണര്‍ന്നു നിന്നത് 

നീയൊരു പുഴയായപ്പോഴാണ്
ഞാനൊരു കണമായി
അലിഞ്ഞു ചേര്‍ന്നത് 

നീയൊരു കടലായപ്പോഴാണ്
ഞാനൊരു തിരയായി 
നിന്നെയറിഞ്ഞത്ത് 

പ്രിയേ, നീയൊരു 
പ്രതീക്ഷ മാത്രമായപ്പോഴാണ്
ഞാനൊരു കനലായ് 
എറിഞ്ഞു തീര്‍ന്നത് 


Monday, October 10, 2011

തെരുവുസര്‍ക്കസ്

വിശപ്പിനെ പറ്റിക്കാന്‍ 
ഒഴിഞ്ഞ കലത്തില്‍
അമ്മ കയിലിട്ടിളക്കുന്നത് കണ്ടാണ്‌ 
ചെണ്ട കൊട്ട് പഠിച്ചത് 

ഒക്കത്തും തോളിലും 
തൊട്ടിലിലുമായി
നാലെണ്ണത്തെയേല്‍പ്പിച്ചാണ്
അമ്മ പോയത് 

കുടിച്ചു വരുന്ന അച്ഛനില്‍ നിന്നാണ് 
ബാലന്‍സ് ചെയ്യാന്‍ പഠിച്ചത് 
തലയിലൊരു കുടവുമായി 
മുളംബാലം എത്ര കടന്നതാണ് 

ഒട്ടിയ വയറുമായി 
വളയം ചാടാനെളുപ്പമാണ്
ജീവിതം തന്നെ 
ഒരു ഞാണിന്മേല്‍ക്കളിയായിരുന്നല്ലോ 

ചിലതൊക്കെ കാണുമ്പോള്‍ 
തലകുത്തി മറിയാന്‍ തോന്നും
തല തിരിഞ്ഞ ലോകത്ത് 
തല കീഴായി നടക്കാനും 

കുടിലിലെ പട്ടിണിയും പരിവട്ടവും 
ആരോ ജപ്തി ചെയ്തപ്പോള്‍ 
തെരുവിലെക്കിറങ്ങിയതാണ് 
നിങ്ങളതിന് സര്‍ക്കസെന്നു പേരിട്ടു 
ഞാന്‍ ജീവിതമെന്നും..! 

Monday, October 3, 2011

ഗാന്ധി


ഉപ്പ് കുറുക്കിയും 
ഉപവാസം കിടന്നും 
വെള്ളക്കാരെ തുരത്തിയും
തീര്‍ന്നു പോയി 
പാവം ഗാന്ധി 

കള്ളു കുടിച്ചും 
കൈക്കൂലി വാങ്ങിയും 
വെള്ളക്കാരികളെ തിരഞ്ഞും 
തീര്‍ന്നു പോയി 
കീശയിലെ ഗാന്ധി