Total Pageviews

Thursday, April 28, 2011

വേനല്‍ മഴയോട്


1.

വിളക്ക് കെടുത്തി
ജാലകപ്പുറത്തോളം വന്ന്
കൊതിപ്പിച്ചിട്ട്‌
നീ പൊയ്ക്കളയും.
നിനക്കറിയില്ലല്ലോ,
നിന്റെ പ്രണയത്തിന്റെ
ഊഷരതയും കാത്ത്
ഉള്ളിലൊരാള്‍
വേനല്ക്കനലില്‍
ഉരുകിതീരുന്നുണ്ടെന്ന്....

2.

കാറ്റു കൊണ്ട്
നിനക്കെന്നെ വീഴ്ത്താനാവില്ല,
ഉള്ളിലിങ്ങനെ
കൊടുങ്കാറ്റുയരുമ്പോള്‍

മിന്നല്‍ കൊണ്ട്
നിനക്കെന്നെ കത്തിക്കാനാവില്ല
ഉള്ളിലിങ്ങനെ
കനലെരിയുമ്പോള്‍

ഇടി കൊണ്ട്
നിനക്കെന്നെ ഭയപ്പെടുതാനാവില്ല
ദിഗന്തങ്ങള്‍ പൊട്ടുമാറ്
ഹൃദയമിങ്ങനെ മിടിക്കുമ്പോള്‍

മഴനീരുകൊണ്ട്
നിനക്കെന്നെ നനയ്ക്കാനാവില്ല
മിഴിനീരിനാല്‍
ഞാനൊരു പ്രളയമായിരിക്കുമ്പോള്‍... 

Monday, April 18, 2011

വേനല്‍ മഴ

കത്തിയെരിഞ്ഞു നില്‍ക്കുന്ന 
ചില പകലുകളില്‍ 
മുന്നറിയിപ്പൊന്നുമില്ലാതെ 
ഉതിര്‍ന്നു വീഴും, വേനല്‍ മഴ 

പുന:സമാഗമത്തിന്റെ 
തീവ്ര ഗന്ധമുയര്‍ത്തും
ഓര്‍മകള്‍ക്ക് മുകളിലെ
മണ്ണ് മുഴുവന്‍ ഒലിച്ചുപോകും 
കരിഞ്ഞു പോയ മോഹങ്ങളെ
വീണ്ടും മുളപ്പിക്കും...

എന്റെ ദാഹത്തിന്റെ 
കനലടുപ്പില്‍ വീണ്
ബാഷ്പമായോടുങ്ങുമെന്നറിയാം
എങ്കിലും 
ഓരോ തുള്ളിയോടോപ്പവും 
ഞാന്‍ കിനാവ്‌ കാണാറുണ്ട് 
നീ കൂടെയുണ്ടായിരുന്ന 
പെരുമാഴക്കാലങ്ങള്‍....

Friday, April 15, 2011

നീയും ഞാനും...

1. 
നിലാവുള്ളപ്പോഴോന്നും
നിന്നെക്കാണില്ല. 
നീയുള്ളപ്പോള്‍ പ്പിന്നെ 
നിലാവിന്റെ ആവശ്യവുമില്ല.
നീയും നിലാവും 
കുടചൂടി നടക്കുംബോഴായിരിക്കണം 
മൌന മഴ പെയ്തിറങ്ങുന്നത് 

2.
നിന്റെ നനുത്ത മേനിയില്‍ 
ഒന്ന് സ്പര്‍ശിക്കാന്‍ 
ആഗ്രഹാമില്ലഞ്ഞിട്ടല്ല .
പക്ഷെ 
എന്റെ പ്രണയത്തിന്റെ 
ചൂടേറ്റു നീ
വാടിക്കരിഞ്ഞു പോയെങ്കിലോ 
എന്ന് ഭയന്നിട്ടാണ്.

3.
നിനക്കും എനിക്കുമിടയില്‍ 
മൌനത്തിന്റെ വസന്തം 
പൂവിട്ടു നിന്ന 
ഒരു കാലമുണ്ടായിരുന്നു 
പ്രണയത്തിന്റെ 
ചൂടേറ്റിട്ടാവണം
പിന്നെയത് 
മിഴിനീര്‍പ്പൂക്കളായി
കരിഞ്ഞു വീണത് 

4. 
മുഖപടത്തിനുള്ളില്‍ 
നിനക്ക് 
ഹൃദയമൊളിപ്പിക്കാനാവില്ലല്ലോ 
മൌനം കൊണ്ട് 
എനിക്കെന്റെ 
പ്രണയമൊളിപ്പിക്കാനാവാത്ത പോലെ...

Thursday, April 14, 2011

പോകട്ടെ ഞാന്‍

ഇനി നിനക്കുറങ്ങാമിവിടെപ്പിരിയുന്നു, 
രണ്ടായ് വഴികളും ജീവിതവും 
നിഴലുപോലെ പ്രണയം നിന്റെ പിറകില്‍ 
നടന്നു തീര്‍ത്ത വഴികളൊക്കെയും 
എരിയുമിനിയെന്റെ കരള്‍ക്കനലുകളഗ്നി-
ഗോളങ്ങളായുതിരുന്ന മിഴിനീര്‍ക്കണങ്ങളാല്‍
മണ്ണിലിരുളില്‍ വിളക്കായ് കൊളുത്തീടാം 
കത്തുന്ന ഹൃദയവും തകര്‍ന്ന കിനാക്കളും 
ഇവിടെ യൊറ്റക്കല്ല നീയൊരിക്കലും 
ഓമനേയൊറ്റപ്പെടുന്നത് ഞാനാണീപ്പകലു-
പോലുമിരു ളാര്‍ന്ന ജീവിതപ്പാതയില്‍.
പോകട്ടെ ഞാന്‍, നിന്റെയോര്‍മ തന്‍ നിലാവില്‍,
നൊമ്പര ഭാരം പേറിയിടറി  വീഴും വരെ.... 

നമ്മളൊരിക്കലും ...

മൌനത്തെക്കുറിച്ച്
പറഞ്ഞു തുടങ്ങിയതില്‍പ്പിന്നെ 
നമ്മളൊരിക്കലും 
മിണ്ടാതിരുന്നിട്ടില്ല

ഇരുട്ടിനെ
പ്രണയിച്ചു തുടങ്ങിയതില്‍പ്പിന്നെ 
നമ്മളൊരിക്കലും
വിളക്ക് കെടുത്തിയിട്ടില്ല 

വേര്‍പിരിയാന്‍ 
തീരുമാനിച്ചതില്‍പ്പിന്നെ 
നമ്മളൊരിക്കലും 
കാണാതിരുന്നിട്ടില്ല

മറക്കാന്‍ 
ശ്രമിച്ചു തുടങ്ങിയതില്‍പ്പിന്നെ 
നമ്മളൊരിക്കലും 
പരസ്പരമോര്‍ക്കാതിരുന്നിട്ടില്ല

പ്രിയപ്പെട്ടവളേ 
നിന്നെക്കണ്ടതില്‍പ്പിന്നെ
നമ്മളൊരിക്കലും 
ഞാനും നീയുമായിരുന്നിട്ടില്ല ..!

Wednesday, April 13, 2011

ചില പ്രണയക്കുറിപ്പുകള്‍

1. 
യാത്ര പറയാനെന്തെളുപ്പമാണ്
നിനക്ക് മുന്നില്‍ 
വഴികള്‍ തീരുന്നില്ലല്ലോ.
വേദനകള്‍ 
തിന്നു തീര്‍ക്കേണ്ടത്
ഞാന്‍ മാത്രമാണല്ലോ... 
2.
പിണങ്ങിതന്നെയിരിക്കണം
അല്ലെങ്കില്‍ ഞാന്‍ 
നമ്മുടെ പ്രണയത്തെക്കുറിച്ച് 
മറന്നു പോയെങ്കിലോ....

3.
മൌനം കൊണ്ട് 
നിനക്ക്
മരണത്തെ 
തോല്‍പ്പിക്കാനാവും
പക്ഷെ
മരണം കൊണ്ട്
നിനക്കെന്റെ
പ്രണയത്തെ
തോല്പ്പിക്കാനാവുമോ...

4. 
മറുപടി കിട്ടുവാനായിരുന്നില്ലെങ്കില്‍ 
മൌനം കൊണ്ട് ഞാനെഴുതുമായിരുന്നില്ല ..!

5. 
നിന്റെ 
കരളിന്റെ മിടിപ്പ്
ഞാനറിഞ്ഞിരുന്നില്ല
പ്രണയിക്കും വരെ
നിന്റെ 
കവിളിന്റെ തുടിപ്പ്
ഞാനറിഞ്ഞിരുന്നില്ല
പിരിയും വരെ 

6.
മൌനമേ 
നിനക്കാരാണ്
പ്രണയമെന്നു പേരിട്ടത് 

നോമ്പരമേ
നിന്നെയാരാണ്
തീക്കനല്‍ കൊണ്ട് 
കടഞ്ഞെടുത്ത്

ഹൃദയമേ
നിനക്കാരാണ്
മിഴിനീരു 
കടം തന്നത്

വിരഹമേ
നിന്നോടെന്താണ് 
അവള്‍
പറഞ്ഞയച്ചത്

7.
പ്രണയം കൊണ്ട്
നീയെന്റെ
മൌനത്തിന്റെ 
വാതില്‍ തുറന്നു

എന്നിട്ടിപ്പോള്‍
മൌനം കൊണ്ട്
നീയെന്റെ
പ്രണയത്തിന്റെ
വാതിലടക്കുകയാണോ...?

Tuesday, April 12, 2011

മാപ്പ്

മാപ്പിരക്കുന്നു ഞാന്‍ സഖീ
മൌനമായ് നിന്‍ പ്രണയത്തിന്റെ 
പങ്കു പറ്റിയതിന്,
നിന്റെ ഹൃദയ തന്ത്രിയിലെന്‍ 
വിരലുകള്‍ മീട്ടിയതിന്,
എന്റെ കിനാക്കളിലേക്ക് നിന്നെ
വിരുന്നു വിളിച്ചതിന്,
നിന്റെ സ്നേഹത്തിന്റെ
പൂക്കള്‍ പറിച്ചതിന്,
നിന്റെ മോഹങ്ങളില്‍ നിന്ന്
തട്ടിയുണര്‍ത്തിയതിന്,
നിന്റെയോര്‍മകളില്‍ നിന്ന്‍
കടമെടുത്തതിന്,
നിന്റെ ചിന്തകള്‍ക്ക് 
തീ പിടിപ്പിച്ചതിന്,
നിന്റെ വഴികളില്‍ 
വിലങ്ങായി നിന്നതിന്,
നിന്റെ നിദ്രകളിലേക്ക് 
സ്വപ്നമായി വന്നതിന്,
നിന്റെ ഹൃദയത്തിലൊരു 
കൂട് വച്ചതിന്,
ഹൃദയ ഭിത്തിയില്‍ നിന്റെയൊരു 
ചിത്രം വരച്ചതിന്,

പിന്നെ...
എനിക്ക് വേണ്ടി 
നീ പാഴാക്കിക്കളഞ്ഞ 
രക്തത്തിന്റെ നിറമുള്ള 
കണ്ണുനീര്‍ത്തു ള്ളികള്‍ക്ക്.