Total Pageviews

Wednesday, May 1, 2013

മാന്ദ്യം

ടി.വി യിലെ
ഓഹരിക്കണക്ക് കേട്ടു
ബോധമറ്റു വീണതാണച്ഛന്‍

സ്വര്‍ണ വില കേട്ടതില്‍പ്പിന്നെ
സീരിയലൊന്നും കണ്ടില്ല
അമ്മ

നൂഡില്‍സിനു പകരം
കഞ്ഞിയായതാണ്
മുത്തച്ഛനു പരാതി

ബെന്‍സ് വിറ്റും
നാനോ വാങ്ങണമെന്ന്
മുത്തശ്ശി മൊഴി

ഗള്‍ഫീന്നയച്ച
 ഡ്രാഫ്റ്റിനു കനം പോരെന്നു
ഏട്ടത്തിക്ക് പരിഭവം

ബാങ്ക് ബാലന്‍സ്
കുറഞ്ഞതിനാണ്
അനിയന്‍ പിണങ്ങിയത്

ദോഷം പറയരുതല്ലോ,
മാന്ദ്യമായതില്‍പ്പിന്നെയാണ്
വിശപ്പിന്റെ എരിവും
വിയര്‍പ്പിന്റെ പുളിയും
വിരുന്നിന്റെ മധുരവുമൊക്കെ
ഞാനുമറിഞ്ഞു തുടങ്ങിയത്.


Sunday, April 21, 2013

കണ്ണാടി

മുഖം ചുളിഞ്ഞ്
കവിളു കുഴിഞ്ഞ്
കാഴ്ച മങ്ങി
തലയാകെ നരച്ച്
തിരിച്ചറിയാനാവാത്ത വിധം
വാര്‍ധക്യം ബാധിച്ചിരിക്കുന്നു
കണ്ണാടിക്ക്!!

Tuesday, April 2, 2013

പ്രവാസം






കട്ടിലിനടിയില്‍ പൊടിപിടിച്ചിരിപ്പുണ്ട്
മൂടുപോയൊരു പെട്ടി;
സ്വപ്‌നങ്ങള്‍ കുത്തിനിറച്ച്
പ്രതീക്ഷകള്‍ കൊണ്ട് വരിഞ്ഞുകെട്ടി
ഇരുപത് വര്ഷപങ്ങള്ക്ക്  മുന്പ്്
വിമാനം കയറിപ്പോന്നത്...

അലമാരയ്ക്കുള്ളില്‍ അട്ടിവച്ചിട്ടുണ്ട്
ഒരുകെട്ട്‌ കത്തുകള്‍,
ഉപ്പയുടെ മരണവും, പെങ്ങളുടെ കല്യാണവും
ഭാര്യയുടെ പ്രസവവുമൊക്കെ അടയാളപ്പെടുത്തി
കണ്ണീരു കൊണ്ടൊട്ടിച്ചു
കടലുകടന്നു വന്നത്....

Sunday, March 3, 2013

പെങ്ങള്‍ക്ക്

എത്ര പൂക്കള്‍ നിനക്കായ്‌
ഞാനിറുത്തു വച്ചു
കാറ്റുപോലും കാണാതെ മയില്‍ -
പ്പീലിയും പകുത്തു വച്ചു

എത്ര കഥകള്‍ മനസ്സില്‍
ഞാനോര്‍ത്തു വച്ചു
എത്രയീണങ്ങള്‍
മൂളാതെ കരുതി വച്ചു

എത്ര താരാട്ടുകള്‍
പട്ടില്‍പ്പൊതിഞ്ഞു വച്ചു, നിന്നെ
വിളിക്കുവാനെത്ര പേരുകള്‍
ഞാന്‍ പഠിച്ചു വച്ചു

എത്രയോമല്‍ക്കിനാക്കളെന്‍
ഹൃത്തില്‍ നിനക്കായ് നെയ്തുവച്ചു
എത്ര താരകങ്ങള്‍ നിനക്കായ്
പറിക്കാതെ വച്ചു

എത്ര ചിരട്ടയില്‍
ചോറുവച്ചു, ഞാന്‍
കളിവീടുമെത്രനാള്‍
നിനക്കായ് പണിതുവച്ചു

എത്ര കാത്തിരുന്നു, ഞാ-
നെത്ര പ്രാര്‍ഥിച്ചു
എന്നിട്ടുമെന്തേ പെങ്ങളേ
നീ മാത്രം പിറന്നില്ല.



Sunday, February 24, 2013

എങ്കില്‍ സഖീ

ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍
സഖീ, പോകും മുമ്പെ
ഒരു നോക്കു കാണാനിട-
തന്നിരുന്നെങ്കില്‍...

ഒന്നു ചോദിച്ചിരുന്നെങ്കില്‍
മൗനം കൊണ്ടെങ്കിലും
നിന്‍ മനസിന്‍റെ വാതില്‍
തുറന്നിരുന്നെങ്കില്‍

ഒരു പൂവെങ്കിലും തന്നെങ്കില്‍
നിന്നോര്‍മയ്ക്കായ്
ഒരു വളപ്പൊട്ടെങ്കിലും
ബാക്കി വച്ചിരുന്നെങ്കില്‍

ഒന്ന് പാടിയിരുന്നെങ്കില്‍
പാടിത്തകര്‍ന്നൊരീ
മുളന്തണ്ടെങ്കിലും നീ
കണ്ടിരുന്നെങ്കില്‍

തകരുകില്ലായിരുന്നു സഖീ,
നിന്നെയോര്‍ത്തു
കരഞ്ഞു തളര്‍ന്നിടറി
വീഴുകില്ലായിരുന്നു ഞാന്‍ !!!


Monday, February 18, 2013

പിന്നെയും മഴ പെയ്യുന്നു

കുട്ടിക്കാലത്തിന്റെ വറുതിയിലേക്ക്
മഴ വന്നത് പനിയായിട്ടായിരുന്നു.
സ്കൂളിലേക്കുള്ള വഴികളില്‍
കുടയായത് 'മലയാള'ത്തിന്റെ പുറം ചട്ടകള്‍!!

മേല്‍ക്കൂരയുടെ  വിള്ളലിലൂടെ
വിളക്ക്കെടുത്തിയും
പുസ്തകത്തിലെ മയില്‍‌പ്പീലി നനച്ചും
വന്ന മഴ എത്ര പിരാക്ക് കേട്ടതാണ്

കുതിര്‍ന്ന പായയില്‍
തിരിഞ്ഞും മറിഞ്ഞും കിടക്കും
ബാക്കി വന്ന കിനാക്കളൊക്കെയും
തലയണക്കുള്ളില്‍ പാത്തുവെക്കും

കഞ്ഞിയില്‍ വറ്റ് കുറയും
മുളകിനെരിവു കൂടും
പറമ്പിലെ ചേമ്പും ചേനയും
വയറ്റില്‍ ക്കിടന്നു ചൊറിയും

മഴയോടുള്ള അരിശം
അമ്മയോട് തീര്‍ക്കും
നനഞ്ഞ കോലായില്‍ നിന്ന്
മഴയെ ചീത്ത വിളിക്കും

പകലും രാത്രിയും
തവളകള്‍ നിര്‍ത്താതെ കരയും
കറുത്ത മാനം നോക്കി
പിന്നെയും കാലത്തെ ശപിക്കും
*  *   *   *

കാല്‍ച്ചുവട്ടിലൂടെ കാലം ഒലിച്ചുപോയത്
എത്ര പെട്ടൊന്നാണ്;
ജാലകപ്പുറത്തെ മഴക്കാഴ്ചകള്‍
ഇഷ്ടപ്പെട്ടു തുടങ്ങിയതും...

Saturday, February 9, 2013

മദീനയിലെ പ്രാവുകള്‍

പ്രവാചകനെറിഞ്ഞുകൊടുത്ത
ഗോതമ്പു മണികള്‍ തേടി
മദീനയില്‍ പറന്നിറങ്ങുന്നുണ്ടിപ്പോഴും
പരകോടി പ്രാവുകള്‍!..

പല നിറങ്ങള്‍
ദേശങ്ങള്‍, ഭാഷകള്‍...
ആരാണവയെ
മദീനയിലേക്ക് പിടിച്ചുവലിക്കുന്നത്?
അഞ്ചു നേരവും
കൃത്യമായി
ആരാണവയെ
കൂടുതുറന്നു വിടുന്നത്?

പാപ ഭാരവും
സങ്കടക്കണ്ണീരും
മദീനയിലിറക്കിവച്ച്
അവ ചിറകടിച്ചു പറക്കും.

മദീനയുടെ കുളിരില്‍
മുഖമമര്‍ത്തിക്കരയും
മദ്ഹു ഗാനങ്ങള്‍ കൊണ്ട്
മുഹബത്തറിയിക്കും

അറിവിന്റെ കതിര്‍മണികള്‍
കൊത്തിയെടുത്ത് പറക്കും
സംസമിന്റെ മധുരം
മതിവരുവോളം നുകരും

ഉഹ്ദു മലകടന്നു വരുന്ന
കുളിര്‍ കാറ്റേറ്റു മയങ്ങും
പ്രവാചകന്റെ മണ്ണില്‍
പുണ്യം തേടിയലയും

മദീനയുടെ    പ്രഭയില്‍
വെട്ടിത്തിളങ്ങും
മദീനയുടെ സല്‍ക്കാരത്തില്‍
മതിമറന്നു നില്‍ക്കും


ചിറകുകളുടെയെല്ലാം
അധിപനായ നാഥാ,
എനിക്കും രണ്ടു ചിറകുകള്‍ തരൂ
പ്രവാചകന്റെ കൂടണയാന്‍.........