Total Pageviews

Monday, September 17, 2012

നമുക്കിടയില്‍...

പിണങ്ങിയിരിക്കുമ്പോഴും
ഉള്ളില്‍ പിണഞ്ഞു നില്‍പ്പുണ്ട്
നമ്മുടെ പ്രണയത്തിന്റെ വേരുകള്‍

പിരിഞ്ഞിരിക്കുമ്പോഴും
കണ്ണില്‍ നിറഞ്ഞു നില്‍പ്പുണ്ട്
നമ്മുടെ പ്രണയത്തിന്റെ നേരുകള്‍

എന്നിട്ടും പ്രിയപ്പെട്ടവളേ,
പിണഞ്ഞും നിറഞ്ഞുമൊഴുകിയിരുന്ന
നമുക്കിടയില്‍
ആരാണ് മതിലുകള്‍ തീര്‍ത്തത് ?!

Thursday, September 6, 2012

നീ


വെളുത്ത പ്രതീക്ഷകളുമായി
കിനാവുകളിലേക്ക് നീ വരാറുണ്ട്
കറുത്ത ഓര്‍മകളില്‍ നിന്ന്
വിളിച്ചുണര്‍ത്തി വെളിച്ചം തരാറുണ്ട്
മൗന നൊമ്പരങ്ങളുടെ കൂട്ടിലേക്ക്
നിലാവായി നീ പെയ്തിറ ങ്ങാറുണ്ട്
തണുത്ത രാത്രിയുടെ വിരസതയിലേക്ക്‌
മഴഗീതം പൊഴിക്കാറുണ്ട്
ഉച്ച ച്ചൂടിന്റെ മയക്കത്തിലേക്ക്
നീ കുളിര്‍തെന്നലായി വീശാറുണ്ട്
മഞ്ഞുമൂടിയ പുലരിയിലേക്ക്
റോസാപ്പൂവായി വിടരാറുണ്ട്
സാന്ധ്യ സൂര്യന്റെ അരുണിമയില്‍
പൂര്‍ണ ചന്ദ്രനായി നീയുദിക്കാറുണ്ട്
നിലാവുപോലെ ഒരു നിഴലായ്
നീയെനിക്ക് കൂട്ടുപോരാറുണ്ട്..
കളിച്ചും ചിരിച്ചും, പ്രിയപ്പെട്ടവളെ,
ഒരു വളകിലുക്കമായ് നീയെന്റെ കൂടെയുണ്ട്...

Wednesday, September 5, 2012

വേനല്‍ മഴയോട്



വിളക്കുകെടുത്തി
ജാലകപ്പുറത്തോളം വന്ന്‍
കൊതിപ്പിച്ചിട്ട്‌
നീ പോയ്ക്കളയും
നിനക്കറിയില്ലല്ലോ,
നിന്റെ പ്രണയത്തിന്റെ
ഊഷരതയും കാത്ത്
ഉള്ളിലൊരാള്‍
വേനല്‍ക്കനലില്‍
ഉരുകിത്തീരുന്നുണ്ടെന്ന്..! 

മരുഭൂമി

മരുഭൂമി
അമ്മയെപ്പോലെയാണ്,
ദാഹിച്ചു മരിക്കാറായാലും
കിട്ടുന്ന വെള്ളം
മരുപ്പച്ചകളില്‍ കാത്തുവെക്കും
മക്കള്‍ക്കായി.

മരുഭൂമി 
ഭാര്യയെപ്പോലെയാണ്,
ശാന്തമായുറ ങ്ങുന്നതിനിടക്ക്
മുന്നറി യിപ്പൊ ന്നുമില്ലാതെയാണ്
തീക്കാറ്റായി മാറുക.

മരുഭൂമി 
സുഹൃത്തി നെപ്പോലെയാണ്,
വീണുപോകുമെന്നാവുംബോഴെക്ക്
തണലൊരുക്കി കാത്തിരിപ്പുണ്ടാവും
താങ്ങി നിര്‍ത്താന്‍.

മരുഭൂമി
 പ്രണ യിനിയെപ്പോലെയാണ്,
പിരിയണ മെന്നാശി ക്കുംബോഴൊ ക്കെയും
കൂടുതല്‍ ശക്തിയോടെ
വലിച്ചടുപ്പിക്കും .

ഏകാന്തതയില്‍
ചിലപ്പോഴൊക്കെ
മരുഭൂമി
എന്നെപ്പോലെയുമാകാറുണ്ട്,
പ്രതീക്ഷയുടെ ഒരു തളിരുപോലുമില്ലാതെ
വരണ്ടുണങ്ങി, അറ്റമില്ലാതെ... 

Thursday, July 19, 2012

നനഞ്ഞ ഓര്‍മകള്‍



ഓര്‍മ വച്ചതുമുതല്‍
നടുവിലകത്തെ ഇരുട്ടിലേക്ക്
അമ്മയുടെ കണ്ണീരിനൊപ്പം
മഴത്തുള്ളികളും ചോര്‍ന്നൊലിക്കാറുണ്ട് .
പെരുമഴയത്തും
അച്ഛന്റെ ഒറ്റക്കുപ്പയത്തില്‍
വിയര്‍പ്പിന്റെ നനവുണ്ടാകും.
നനഞ്ഞ പാവാടയുണക്കാന്‍
സ്കൂള്‍ വിട്ടു വന്നാലുടനെ ഏട്ടത്തി
അടുപ്പത്ത് കയറിയിരിക്കും.
നനഞ്ഞ പുസ്തകത്തില്‍ നിന്ന്‍
കുട്ടിക്കവിതകളൊക്കെയും  
പെരുമഴയോടൊപ്പം ഒലിച്ചുപോകും
കടലാസ് തോണിയിലെ
സ്വപ്നങ്ങളത്രെയും
കലക്കുവെള്ളത്തില്‍ മുങ്ങിപ്പോകും.
കാറ്റും കോളുമുള്ള രാത്രികളില്‍
പാടത്തെ തവളകള്‍
അടുക്കലയോളം കയറിവരും
അകത്തും പുറത്തും മഴ പെയ്യുമ്പോള്‍
പഴഞ്ചാക്കിനുള്ളില്‍
മൂടിപ്പുതച്ചുറങ്ങും.

നഗരത്തിന്റെ മായയില്‍ നിന്ന്
കുട്ടിക്കാലത്തിന്റെ മഴയിലേക്ക് നോക്കുമ്പോള്‍
ഒര്മാകളിലാകെ നനവ്‌ പടരും 

Thursday, June 7, 2012

ആദ്യം

മൌനമായിരിക്കണം 
പ്രണയത്തേക്കാള്‍ 
മുമ്പേ പിറന്നത്.
അല്ലെങ്കില്‍പ്പിന്നെ 
എവിടെയായിരിക്കണം 
പ്രണയം പൊതിഞ്ഞു വച്ചത്...!


Wednesday, May 16, 2012

വ്യത്യാസം


മരണവും 
പ്രണയവും തമ്മില്‍ 
ഒന്നേയുള്ളൂ വ്യത്യാസം.

മരിച്ചാല്‍ 
നീയും ഞാനും 
ഒറ്റക്കാണ് 
പ്രണയിച്ചാല്‍ 
പിന്നെയീ ഭൂമിയില്‍ 
നമ്മ ളൊറ്റക്കും..!!!