Total Pageviews
Tuesday, January 30, 2024
തിരിച്ചറിയൽ കാർഡ്
നിങ്ങൾക്ക് പാസ്പോർട്ടുണ്ടോ?
ഇല്ല.
തിരിച്ചറിയൽ കാർഡ്?
അതുമില്ല.
അപ്പോൾപ്പിന്നെ എങ്ങനെയാണ്
നിന്റെ ജനതയെ തിരിച്ചറിയുന്നത്?
ഖബറുകളിൽ കൊത്തിവെക്കുന്ന
പേരുകളിൽ നിന്ന്.
Friday, August 25, 2023
ഭാഷാ നിരോധനം
ഭാഷാ നിരോധനം
ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ
തപാലാപ്പീസിൽക്കൊടുത്താൽ
പഴയ ഭാഷ മാറിക്കിട്ടും.
ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു.
എങ്ങും മൗനം മാത്രം.
അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു,
പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.
അമ്പലത്തിലെ പാട്ടു നിന്നു,
പള്ളിയിലെ ബാങ്കും.
റേഡിയോയിൽ വീണവായന മാത്രം,
ടെലിവിഷനിൽ ആംഗ്യ വായനയും.
പത്രത്തിനു പകരം രാവിലെ
എട്ടു ഷീറ്റ് വെള്ളക്കടലാസു കിട്ടി.
കീബോർഡുകളെല്ലാം നിശ്ചലം,
മൊബൈൽ സ്‌ക്രീനിൽ ചിഹ്നങ്ങൾ മാത്രം.
തപാലാപ്പീസിലെ ക്യൂവിൽ ആരുമൊന്നും മിണ്ടിയില്ല.
ഒരാൾക്ക് ഒരുദിനം രണ്ടു വാക്കുകൾ മാത്രമേ നൽകൂവത്രെ!
ചിലർ ചാക്കുകണക്കിന് വാക്കുകൾ കൊണ്ടുവന്നിട്ടുണ്ട്.
വാക്കുകൾ നിറച്ച ബാഗും ചോറ്റുപാത്രവുമായി കുട്ടികളുമുണ്ട്.
അമ്മയെക്കൊടുത്തവർക്ക് 'മാം' കിട്ടി,
അച്ഛനെക്കൊടുത്തവർക്ക് 'ബാപും'
ചോക്ലേറ്റും ഗെയിമും മാറ്റാൻ വരിനിന്ന കുട്ടികളെ
കൗണ്ടറിൽ നിന്ന് മടക്കിയയച്ചു,
മലയാളം മാത്രമേ മാറ്റി നൽകുകയുള്ളത്രെ!
പകരം വാക്കുകളില്ലാത്തതിനാൽ
ബേജാറും എടങ്ങേറും മാറ്റിക്കിട്ടിയില്ല.
കത്തി മാറ്റാനെത്തിയവനെ ജനം ഓടിച്ചു വിട്ടു
കഞ്ചാവ് മാറ്റാനെത്തിയവനെ പോലീസു പിടിച്ചു.
വരിനിന്നു വാടിയ വൃദ്ധൻ തളർന്നുവീണു,
'വെള്ളം' ചോദിച്ച വായിലേക്ക് വെടിയുണ്ട പാഞ്ഞു.
കാഴ്‌ചകളൊക്കെക്കണ്ടു വീട്ടിലെത്തിയപ്പോൾ
മുറ്റത്ത് വാക്കുകളുടെ കൂമ്പാരം,
മാറ്റിവാങ്ങാനായി വീട്ടുകാർ പുറത്തെടുത്തിട്ടതാണ്.
പഴയതും പുതിയതും, ലിപികളില്ലാത്തതും.
തലയണയ്ക്കുള്ളിൽ നിന്ന് ഉപ്പ വലിച്ചെടുത്ത വാക്കുകൾ
എനിക്ക് മനസിലായതേയില്ല
ഉമ്മയുടെ കോന്തല നിറയെ
ഞാൻ കേട്ടിട്ടില്ലാത്ത വാക്കുകൾ.
ഇത്രമേൽ വാക്കുകൾക്കിടയിലാണ് അവൾ വെന്തിരുന്നതെന്ന്
അടുക്കളയിലേക്ക് ഭാര്യ പിടിച്ചുവലിച്ചപ്പോഴാണറിയുന്നത്!
മകളുടെ ബാഗ് നിറയെ ഗൃഹപാഠം ചെയ്യാനുള്ള വാക്കുകൾ,
മകന്റെ പെട്ടിയിൽ അക്ഷരങ്ങൾ സ്ഥാനം തെറ്റിയ കളിവാക്കുകൾ...
രണ്ടെണ്ണമേ മാറ്റിക്കിട്ടൂവെന്ന് അവരോടെങ്ങനെ പറയും?
വാക്കുകളുടെ കൂമ്പാരത്തിൽ ഞാനേറെ നേരം തെരഞ്ഞു.
ഒടുക്കം ഓരോ കയ്യിലും ഭാരമുള്ളതെന്തോ തടഞ്ഞു,
സർവശക്തിയുമെടുത്ത് ഞാനവയെ വലിച്ചു പുറത്തെടുത്തു;
"ജനാധിപത്യം", "നാനാത്വം".
ഓടിക്കിതച്ച് തപാലാപ്പീസിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.
എന്റെ കൈകളിലേക്ക് ഒന്നേ നോക്കിയുള്ളൂ,
കൗണ്ടറിലുള്ളയാൾ ഞെട്ടിയെണീറ്റു.
എന്റെ കൈകളിൽ നിന്ന് വാക്കുകൾ നിലത്തുവീണു.
ആരൊക്കെയോ ഓടിക്കൂടി
ചുറ്റും ബൂട്ട്സിന്റെ ശബ്ദങ്ങൾ
"കൊല്ലവനെ", "രാജ്യദ്രോഹി"
ബോധം മറഞ്ഞുപോകുന്നതിനിടയിലും
പകരമായിക്കിട്ടിയ രണ്ടുവാക്കുകൾ
ഭയത്തോടെ ഞാൻ കേട്ടു.
Thursday, April 30, 2020
അതിജീവനാക്ഷരങ്ങൾ
അതിജീവനാക്ഷരങ്ങൾ - കൊറോണാ കാലത്തെ പുസ്തകം ഡൗൺലോഡ് ചെയ്യാൻ താഴെ ലിങ്കിൽ പോവുക.
https://drive.google.com/file/ d/ 1npvwWpPRJu2IvSaXAQo50Cf09qtWs HXj/view?usp=sharing
https://drive.google.com/file/
Monday, February 3, 2020
പൗരത്വം
പൗരത്വത്തിനു വേണ്ടിയുള്ള വരിയിൽ
അദ്ദേഹം താണു വണങ്ങി നിന്നു.
പേര്?
'അഹിംസ'
രാജ്യം?
'സ്വരാജ്'
മതം?
'സ്നേഹം'
ജാതി?
'മനുഷ്യൻ'
പ്രായം?
'രാജ്യത്തിന്റെ അതേ പ്രായം'
എന്താണ് രേഖകളുള്ളത്?
വടി
കണ്ണട
ഖദർ
ചർക്ക...
ഒന്നൊന്നായി അവർ പരിശോധിച്ചു
ഇതൊന്നും പറ്റില്ല.
വേറെന്തെങ്കിലും..?
നെഞ്ചിലെ മൂന്ന് തുളകൾ കാണിച്ചു.
"ദേശദ്രോഹി"!
"കടന്നു പോകൂ"
കൗണ്ടറിലിരുന്നയാൾ അലറി.
അടുത്തയാൾ വന്നു
മൂന്നു വെടിയുണ്ടകൾ മേശപ്പുറത്ത് വച്ചു.
ചോദ്യങ്ങളൊന്നുമുണ്ടായില്ല.
"കയറിയിരിക്കൂ"
കൗണ്ടറിലിരുന്നയാൾ കൈ കൂപ്പി.
Wednesday, November 28, 2018
മതിലുകൾ
അന്നൊരിക്കൽ
രാവിലെ, കുഞ്ഞാമിനയുടെ വീട്ടിൽ
രണ്ടു വിരുന്നുകാർ വന്നു.
ജാനകിച്ചേച്ചിയുടെ വീട്ടിൽ നിന്ന്
നാലു മുട്ടയും ഉരി,യാട്ടിൻ പാലും
അടുക്കള വാതിലിലൂടെ കയറിവന്നു.
ഉച്ചയ്ക്ക്, ജാനകിയുടെ മരുമോൻ
മുന്നറിയിപ്പില്ലാതെ ഉണ്ണാൻ വന്നു.
ജോസപ്പേട്ടന്റെ വീട്ടിൽ നിന്ന്
ഒരു സ്പൂണ് മുളകും ഒരു കയിലെണ്ണയും
വേലിപ്പഴുതിലൂടെ നൂണ്ടു വന്നു.
സന്ധ്യക്ക്, ജോസപ്പേട്ടന്റെ മകളെ
ആരോ പെണ്ണുകാണാൻ വന്നു.
കുഞ്ഞാമിനയുടെ വീട്ടിൽ നിന്ന്
പളുങ്കു പാത്രങ്ങളും ഓട്ടുകിണ്ടിയും
തട്ടത്തിനുള്ളിൽ ഒളിച്ചുകടന്നു.
ഇന്നിപ്പോൾ
വരുന്നതും പോകുന്നതും ആരും കാണാറേയില്ല.
ചിലനേരങ്ങളിൽ, ഗെയ്റ്റിനു മുന്നിൽ നിന്ന്
ഹോം ഡെലിവറി വാനുകളുടെ
ഹോണടി മാത്രം മതിലുകടന്നു വരും!
***റഹീം പൊന്നാട്***
Tuesday, April 24, 2018
മതിലു ചാടി വരുന്ന ഓർമകൾ
രണ്ടാളുയരത്തിൽ മതിലു കെട്ടിയതിൽപ്പിന്നെ
ഇപ്പോൾ വീട്ടിലേക്കാരും വരാറില്ല.
എന്നാലും ക്യാമറക്കണ്ണുകൾ വെട്ടിച്ച്
മതിലുചാടി വരും, ഇടയ്ക്കിടയ്ക്ക് ഓർമകൾ.
പച്ച ഷാൾ പുതച്ച്, അറബന മുട്ടി
താടി ചുവപ്പിച്ച അജ്‌മീർ ഫഖീർ
സോപ്പ്, ചീപ്പ്, കണ്ണാടിയെന്നു പറഞ്ഞ്
കുപ്പിവളകിലുക്കുന്ന കഷണ്ടിക്കാരൻ
ഏതെടുത്താലും ആറുരൂപയെന്ന്
നീട്ടിവിളിക്കുന്ന സ്റ്റീൽ പാത്രക്കാരൻ
മുളങ്കുട്ടയിലെ മണ്പാത്രങ്ങൾക്കൊപ്പം
വെയിലുകൊണ്ട് ചുവന്ന കുശവൻ
ഭാവി പറയുന്ന കുറത്തി, തോളിലെ കൂട്ടിൽ
വർത്തമാനം പറയുന്ന തത്ത
ആടെട, ചാടെട, കുത്തിമറിയെടാ
ചാടിക്കളിക്കുന്ന കുഞ്ചിരാമൻ
കിനാക്കളൊക്കെയും വെള്ളപ്പൊക്കത്തിൽപ്പോയ
ബംഗാളിപെണ്ണുങ്ങൾ, കുട്ടികൾ
അമ്മി കൊത്താനുണ്ടോ, ഉരലു കൊത്താനുണ്ടോ
പൊക്കണം തൂക്കിയ അണ്ണാച്ചിപെണ്ണുങ്ങൾ...
നാളെയാവട്ടെ, ഓർമകളെയൊക്കെ
പിടിച്ചു പുറത്താക്കി വാതിലടക്കണം,
ഗെയ്റ്റിലൊരു ബോർഡു തൂക്കണം
"അനുവാദം കൂടാതെ അകത്തു കടക്കരുത്"
***റഹീം പൊന്നാട്***
Monday, April 24, 2017
ജനറേഷന്‍
നാരങ്ങാ മുട്ടായി
പഞ്ചാര മുട്ടായി
പുളിയച്ചാര്‍
പാലൈസ്...
കളിപ്പീടികയില്‍
കറങ്ങിനടക്കുന്നു,
ഓര്‍മകള്‍..!
കറങ്ങിനടക്കുന്നു,
ഓര്‍മകള്‍..!
ഫെയ്സ്ബുക്ക്
വാട്സാപ്പ്
കാര്‍ട്ടൂണ്‍
ഗെയിംസ്...
വാട്സാപ്പ്
കാര്‍ട്ടൂണ്‍
ഗെയിംസ്...
പ്ലേ സ്റ്റോറില്‍
കറങ്ങിനടക്കുന്നു,
മകള്‍..!!
കറങ്ങിനടക്കുന്നു,
മകള്‍..!!
Tuesday, August 23, 2016
മരണ ശേഷം
മരണ ശേഷം,
നീയെന്‍റെ ഖബറിനു മുകളില്‍
ഒരു മൈലാഞ്ചിച്ചെടി നടണം.
വളര്‍ന്നു വരുമ്പോള്‍
നീയതില്‍ നിന്നൊരു ചില്ലയിറുക്കണം.
എന്‍റെ രക്തം പൊടിയും വരെ
ഇലകള്‍ അരയ്ക്കണം.
അതുകൊണ്ട് നിന്‍ കൈയിലൊരു
ഹൃദയ ചിത്രം വരയ്ക്കണം.
അങ്ങനെയെങ്കിലും പ്രണയമേ
നിന്‍ കരതലമൊന്നെനിയ്ക്കു പുണരണം
നീയെന്‍റെ ഖബറിനു മുകളില്‍
ഒരു മൈലാഞ്ചിച്ചെടി നടണം.
വളര്‍ന്നു വരുമ്പോള്‍
നീയതില്‍ നിന്നൊരു ചില്ലയിറുക്കണം.
എന്‍റെ രക്തം പൊടിയും വരെ
ഇലകള്‍ അരയ്ക്കണം.
അതുകൊണ്ട് നിന്‍ കൈയിലൊരു
ഹൃദയ ചിത്രം വരയ്ക്കണം.
അങ്ങനെയെങ്കിലും പ്രണയമേ
നിന്‍ കരതലമൊന്നെനിയ്ക്കു പുണരണം
Thursday, April 21, 2016
തലമുറകൾ
കുടുംബ സംഗമത്തിനെത്തിയവർ
ഭക്ഷണ ശേഷം
ഗ്രൂപ്പായിപ്പിരിഞ്ഞു.
വട്ടക്കണ്ണട
ഊന്നുവടി
കാലൻ കുട
വെറ്റിലച്ചെല്ലം
ചുണ്ണാമ്പു കുപ്പി
തസ്ബീഹ് മാല
മുതലായവർ
നടുമുറ്റത്ത് വട്ടം കൂടിയിരുന്ന്
കഥകൾ പറഞ്ഞു.
ഷുഗർ
പ്രഷർ
അൾസർ
കൊളസ്ട്രോൾ
കിഡ്നി സ്റ്റോൺ
ഹാർട്ട് അറ്റാക്ക്
മുതലായവർ
മരച്ചുവട്ടിൽ ബഞ്ചിലിരുന്ന്
ഓർമകൾ ചികഞ്ഞു.
ഗൂഗ്ൾ
യൂ ട്യൂബ്
വാട്സാപ്പ്
ഇൻസ്റ്റാഗ്രാം
ലിങ്ക്ഡ് ഇൻ
ഫെയ്സ്ബുക്ക്
മുതലായവർ
മതിലിൽ പുറംതിരിഞ്ഞിരുന്ന്
വൈ ഫൈ തെരഞ്ഞു.
Tuesday, April 5, 2016
Wednesday, February 24, 2016
Tuesday, January 26, 2016
മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ
ഓർമകളിലേക്ക് ലോഗിൻ ചെയ്‌താൽ,
മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ
നിരന്തരം അപ്ഡേറ്റാകുന്നത് കാണാം.
കുട്ടിക്കാലത്ത് ആദ്യംകണ്ട നാൾ മുതൽ
ഓർമകൾ റീപ്ലേ ചെയ്തു കൊണ്ടേയിരിക്കും.
ദ്രവിച്ചു തുളവീണ പ്രൊഫൈൽ ചിത്രങ്ങൾ
ഒന്നൊന്നായി മാറിക്കൊണ്ടേയിരിക്കും.
തമാശകൾ, കളിചിരികൾ, കുസൃതികൾ,
കഥകൾ, കവിതകൾ, പാട്ടുകൾ...
സ്റ്റാറ്റസുകൾ പുതുക്കിക്കൊണ്ടേയിരിക്കും.
ദുഃഖം, സന്തോഷം, കോപം, ഭയം,
ബാക്ക്ഗ്രൗണ്ടിലെ നിറങ്ങൾ മാറിമറിയും.
പിണക്കം, ഇണക്കം, പരിഭവം,
അസൂയ, കുശുമ്പ്, പരിഹാസം...
സ്മൈലികൾ തുരുതുരാന്ന് വരും.
മായ്ച്ചിട്ടും മായാത്ത ചില സ്റ്റിക്കറുകൾ
ഹൃദയത്തിൽ ഒട്ടിപ്പിടിച്ചിരിക്കും.
എല്ലാം സഹിക്കാം,
ചിലനേരങ്ങളിൽ മെസേജിൽ വന്നിട്ടു ചോദിക്കും,
'ടാ...സൈൻ ഔട്ട് ചെയ്തിട്ട് ഇങ്ങുപോരാറായില്ലേ'ന്ന്!!
അപ്പോൾ മാത്രം സ്ക്രീനിൽ ഇരുട്ട് നിറയും.
Tuesday, January 5, 2016
മരുഭൂമി
മരുഭൂമി
അമ്മയെപ്പോലെയാണ്
ദാഹിച്ചു മരിക്കാറായാലും
കിട്ടുന്ന വെള്ളം
മരുപ്പച്ചകളില്‍ കരുതി വെക്കും
മക്കള്‍ക്കായി
മരുഭൂമി
ഭാര്യയെപ്പോലെയാണ്
ശാന്തമായുറങ്ങുന്നതിനിടക്ക്
മുന്നറിയിപ്പില്ലാതെയാണ്
തീക്കാറ്റായി മാറുക
മരുഭൂമി
സുഹൃത്തിനെ പ്പോലെയാണ്
വീണു പോകുമെന്നാവുംബോഴെക്ക്
തണലൊരുക്കി കാത്തിരിക്കുന്നുണ്ടാവും
താങ്ങി നിര്‍ത്താന്‍
മരുഭൂമി
പ്രണയിനിയെപ്പോലെയാണ്
പിരിയണമെന്നാശിക്കുംബോഴോക്കെയും
കൂടുതല്‍ ശക്തിയോടെ
വലിച്ചടുപ്പിക്കും
ഏകാന്തതയില്‍
ചിലപ്പോഴൊക്കെ
മരുഭൂമി
എന്നെപ്പോലെയുമാകാരുണ്ട്
പ്രതീക്ഷയുടെ ഒരു തളിര് പോലുമില്ലാതെ
വരണ്ടുണങ്ങി, അറ്റമില്ലാതെ....
ഭാര്യയെപ്പോലെയാണ്
ശാന്തമായുറങ്ങുന്നതിനിടക്ക്
മുന്നറിയിപ്പില്ലാതെയാണ്
തീക്കാറ്റായി മാറുക
മരുഭൂമി
സുഹൃത്തിനെ പ്പോലെയാണ്
വീണു പോകുമെന്നാവുംബോഴെക്ക്
തണലൊരുക്കി കാത്തിരിക്കുന്നുണ്ടാവും
താങ്ങി നിര്‍ത്താന്‍
മരുഭൂമി
പ്രണയിനിയെപ്പോലെയാണ്
പിരിയണമെന്നാശിക്കുംബോഴോക്കെയും
കൂടുതല്‍ ശക്തിയോടെ
വലിച്ചടുപ്പിക്കും
ഏകാന്തതയില്‍
ചിലപ്പോഴൊക്കെ
മരുഭൂമി
എന്നെപ്പോലെയുമാകാരുണ്ട്
പ്രതീക്ഷയുടെ ഒരു തളിര് പോലുമില്ലാതെ
വരണ്ടുണങ്ങി, അറ്റമില്ലാതെ....
Sunday, February 8, 2015
ആവശ്യമുണ്ട്
നല്ല കാഴ്ചയുള്ള കണ്ണുകള്‍ക്ക്
നന്നായി പ്രവര്‍ത്തിക്കുന്ന
ഒരു ജോഡി കണ്‍പോളകള്‍ വേണം.
പ്രലോഭനങ്ങളില്‍പ്പെട്ട്
അടയാതിരിക്കരുത്
അമ്മയെ കൊല്ലുന്നിടത്ത്
കാഴ്ചക്കാരനാവരുത്
പെങ്ങളെ ബലാല്‍സംഗം ചെയ്യുന്നത്
നോക്കി നില്‍ക്കരുത്
അപകടത്തില്‍പ്പെടുന്ന അനിയനെ
ക്യാമറയിലാക്കാന്‍ കൂട്ടുനില്‍ക്കരുത്
അന്യന്‍റെ കുളിപ്പുരക്ക് മുന്നില്‍
പതുങ്ങിപ്പോവരുത്
പണത്തിനു മുന്നില്‍
മിഴിച്ചു പോകരുത്
അനീതിയുമധര്‍മ്മവും
കണ്ടില്ലെന്നു നടിക്കരുത്
ഞാനീ നാട്ടുകാരനേയല്ലെന്ന മട്ടില്‍
കടന്നുകളയരുത്.
കുറച്ചു നാളത്തേക്ക്
വാടകയ്ക്കായാലും മതി;
കലികാല കാഴ്ചകള്‍ കണ്ടെന്റെ
കണ്ണുകള്‍ പൊട്ടിപ്പോകും വരെ...
Saturday, September 27, 2014
ടൈക്കു കവിതകള്‍
ടാഗ്
------------------
സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍
അയല്‍ക്കാരന്റെ പറമ്പിലേക്കെറിയുന്നത്
വല്ലാത്തൊരാനന്ദമാണ് .
കമന്റ്
------------------
ചുമരില്‍ അവള്‍ കോറിയിട്ട
ചിത്രത്തിന് താഴെ ഒരു കമന്റിട്ടതിനാണ്
പണ്ട് ടീച്ചര്‍ പിടിച്ചു പുറത്താക്കിയത്
വാളില്‍ അവള്‍ പോസ്റ്റിയിട്ട
ചിത്രത്തിനു താഴെ ഒരു കമന്റിട്ടതിനാണ്
ഇന്ന് പോലീസ് പിടിച്ചു അകത്താക്കിയത്
വൈഫൈ
------------------
ജാലകപ്പഴുതിലൂടെ അവളുടെ ഹൃദയം
എന്നും എന്റെ മുറിയോളം വരും,
ഒരിക്കലും തുറക്കാത്ത പാസ്സ്‌വേര്‍ഡ് കാട്ടി
കൊതിപ്പിച്ച് എന്റെ ഉറക്കം കെടുത്തും.
ഗൂഗിള്‍
-------------
നഷ്ടപെട്ട മേല്‍വിലാസം തേടിയാണ്
ഞാന്‍ ഗൂഗിളില്‍ തിരഞ്ഞത്
ഇപ്പോള്‍ എന്നെ തന്നെ
കാണാതായിരിക്കുന്നു.
ട്വീറ്റ്
--------------------
ടെസ്റ്റില്‍ അക്ഷരങ്ങള്‍ക്ക്
പിശുക്കാണെന്നായിരുന്നു
ടീച്ചറിനെപ്പോഴും പരാതി
ട്വീറ്റില്‍ അക്ഷരങ്ങള്‍
കൂടുതലാണെന്നാണ്
ട്വിറ്ററിനെപ്പോഴും പരാതി
Monday, March 10, 2014
ശ്രേഷ്ഠ മലയാളം
സെക്കന്റ് ബെല്ലടിച്ച്...
പ്രെയറും കഴിഞ്ഞ്
അറ്റന്റൻസ് രജിസ്റ്ററും
ചോക്കും ഡസ്റ്ററുമായി
ഗുഡ് മോർണിംഗ് പറഞ്ഞ്
കയറി വന്നു,മലയാളം റ്റീച്ചർ.
ലേറ്റ് കമേഴ്സിനെ
ഗറ്റൗട്ടടിച്ചും
ഹോംവർക്ക് ചെയ്യാത്തവർക്ക്
ഇമ്പോസിഷൻ കൊടുത്തും
ഫസ്റ്റ് ബെഞ്ചുകാരോട്
ചില ക്വസ്റ്റ്യൻ ചോദിച്ചും
ലാസ്റ്റ് ബെഞ്ചിലേക്കു നോക്കി
ഇടയ്ക്കിടെ സൈലൻസ് പ്ളീസ് പറഞ്ഞും
എത്ര ഫാസ്റ്റായിട്ടാണു
ഫസ്റ്റ് പിരീഡ് തീർന്നത്.
വാട്ട് എ പിറ്റി!
ചങ്ങമ്പുഴയുടെ പോയം
ഇന്നും സ്റ്റാർട്ട് ചെയ്യാൻ പറ്റിയില്ല.
സോറി...
ലെറ്റസ് സ്റ്റാർട്ട് ടുമോറോ...
താങ്ക് യൂ മാം...
പ്രെയറും കഴിഞ്ഞ്
അറ്റന്റൻസ് രജിസ്റ്ററും
ചോക്കും ഡസ്റ്ററുമായി
ഗുഡ് മോർണിംഗ് പറഞ്ഞ്
കയറി വന്നു,മലയാളം റ്റീച്ചർ.
ലേറ്റ് കമേഴ്സിനെ
ഗറ്റൗട്ടടിച്ചും
ഹോംവർക്ക് ചെയ്യാത്തവർക്ക്
ഇമ്പോസിഷൻ കൊടുത്തും
ഫസ്റ്റ് ബെഞ്ചുകാരോട്
ചില ക്വസ്റ്റ്യൻ ചോദിച്ചും
ലാസ്റ്റ് ബെഞ്ചിലേക്കു നോക്കി
ഇടയ്ക്കിടെ സൈലൻസ് പ്ളീസ് പറഞ്ഞും
എത്ര ഫാസ്റ്റായിട്ടാണു
ഫസ്റ്റ് പിരീഡ് തീർന്നത്.
വാട്ട് എ പിറ്റി!
ചങ്ങമ്പുഴയുടെ പോയം
ഇന്നും സ്റ്റാർട്ട് ചെയ്യാൻ പറ്റിയില്ല.
സോറി...
ലെറ്റസ് സ്റ്റാർട്ട് ടുമോറോ...
താങ്ക് യൂ മാം...
Saturday, January 11, 2014
തിരുപ്പിറവി
റബീഇന്‍റെ പൊന്‍പുലരിയില്‍
സ്വര്‍ഗവാതിലുകളൊക്കെയും
മക്കയിലേക്ക് തുറന്നുവച്ചു.
ചക്രവാളത്തിലെത്തിങ്കള്‍
സൂര്യനായ് ജ്വലിച്ചുനിന്നു
വിണ്ണിലെത്താരകങ്ങള്‍
മണ്ണിലേക്കിറങ്ങി വന്നു.
സ്വര്‍ഗ സുന്ദരികള്‍
മധുരഗീതം പൊഴിച്ചു.
വര്‍ണച്ചിറകുകള്‍ വീശി
മാലാഖമാര്‍ കുളിരുപെയ്യിച്ചു.
വെള്ളപ്പട്ടു നിവര്‍ത്തി
വാനില്‍ കുടപിടിച്ചു.
മുത്തുച്ചിറകുകള്‍ വിടര്‍ത്തി
സ്വര്‍ഗപ്പക്ഷികള്‍ വട്ടമിട്ടു.
പനിനീര്‍പ്പൂക്കള്‍
മണ്ണില്‍ പരവതാനി വിരിച്ചു.
വെണ്‍ പിറാവുകള്‍
സ്തുതിഗീതങ്ങള്‍ പാടി.
ഏഴാകാശങ്ങള്‍ക്കപ്പുറത്തേക്ക്
സ്വര്‍ഗ സുഗന്ധം പരന്നു.
അന്ധകാരത്തിന്റെ മരുക്കടലിനുമേല്‍
പുതുസൂര്യന്‍ പിറകൊണ്ടു.
Thursday, December 19, 2013
മൗനം/പ്രണയം
മൗനവാതില്‍ കൊണ്ടു ഞാനെന്‍റെ
പ്രണയത്തെയടച്ചുവച്ചു.
പ്രണയ വാതില്‍ തുറന്നു നീയെന്‍റെ
മൗനത്തെ അഴിച്ചുവിട്ടു...
പ്രണയത്തെയടച്ചുവച്ചു.
പ്രണയ വാതില്‍ തുറന്നു നീയെന്‍റെ
മൗനത്തെ അഴിച്ചുവിട്ടു...
Thursday, December 5, 2013
കുറ്റിയും കൊളുത്തും
ചേര്‍ന്നിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും പിരിയില്ലെന്ന്
പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്...
ഇനിയൊരിക്കലും പിരിയില്ലെന്ന്
പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്...
Thursday, November 21, 2013
Subscribe to:
Posts (Atom)

